ന്യൂഡൽഹി: പ്രശാന്ത് ഭൂഷൺ നടത്തിയത് ഗുരുതരമായ കോടതി അലക്ഷ്യമെന്ന് സുപ്രീംകോടതി. കേസുമായി മുന്നോട്ട് പോകുമെന്നും കോടതി അലക്ഷ്യ കേസ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
രണ്ട് ട്വീറ്റുകളിലൂടെ സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ്‌മാരേയും വിമർശിച്ചതിനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കേസിൽ കോടതിയെ സഹായിക്കാൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകൾ നീതി നിർവഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമദ്ധ്യത്തിൽ സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസിന്റെ ഓഫിസിന്റെയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതുമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, നാഗ്പുർ രാജ്ഭവനിൽ ഒരു ബി.ജെ.പി നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്കും ഹെൽമെറ്റും ധരിച്ചിട്ടില്ലെന്നും കഴിഞ്ഞ മാസം 29ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പുറമേ സുപ്രീംകോടതിയെ വിമർശിച്ചും അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു.
ഒൗദ്യോഗികമായി അടിയന്തരാവസ്ഥ ഇല്ലാത്തപ്പോൾത്തന്നെ കഴിഞ്ഞ 6 വർഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്നു ഭാവിയിൽ പരിശോധിക്കുന്ന ചരിത്രകാരന്മാർ, ഈ നശീകരണത്തിൽ സുപ്രീം കോടതിയുടെ പങ്കും, അതിൽത്തന്നെ, 4 മുൻ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തും – എന്നായിരുന്നു ട്വീറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |