തിരുവനന്തപുരം: കേര ഫെഡിൽ 23 വിഭാഗങ്ങളിലായി 267 തസ്‌തികകൾ പി.എസ്.സിക്ക് വിട്ടു. ഇന്നലെ കൂടിയ ഭരണസമിതി യോഗം റിക്രൂട്ട്മെന്റ് റൂൾസ് അംഗീകരിച്ച് സർക്കാരിന് സമർപ്പിച്ചു.
1995ൽ കേര ഫെഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ട് ഉത്തരവായെങ്കിലും സ്പെഷ്യൽ റൂൾസ് പുറപ്പെടുവിക്കാൻ വെെകിയതിനാൽ നിയമനങ്ങൾ നടന്നിരുന്നില്ല. നിലവിലെ ബോർഡിന്റെ നിരന്തര ഇടപെടലിന് പിന്നാലെയാണ് സ്റ്റാഫ് പാറ്റേൺ സമർപ്പിക്കാനായത്. ഈ തസ്‌തികകളിലേക്ക് സർക്കാർ അംഗീകാരം ലഭിച്ചാലുടൻ നിയമനം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ചെയർമാൻ അഡ്വ. ജെ. വേണുഗോപാലൻ നായർ പറഞ്ഞു.
1989-92 കാലയളവിൽ സ്ഥിരം നിയമനം നൽകിയ 70ശതമാനം പേരും പിരിഞ്ഞുപോയി. 143 സ്ഥിരം ജീവനക്കാരുണ്ടായിരുന്നിടത്ത് 68 പേരാണ് അവശേഷിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തനം നിലയ്ക്കാതിരിക്കാനാണ് ദിവസവേതനത്തിനും കരാർ അടിസ്ഥാനത്തിലും താത്കാലിക നിയമനം നടത്താൻ തീരുമാനിച്ചതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
അഭിമുഖം സർക്കാർ അനുമതിയോടെ
കേരഫെഡിൽ സീനിയർ മാനേജർ, അസി.മാനേജർ തുടങ്ങി ഏഴ് തസ്‌തികളിലേക്ക് അഭിമുഖം നടത്തിയത് സർക്കാർ അനുമതിയോടെ ബോർഡിന്റെ സബ് കമ്മിറ്റിയാണെന്നും മറിച്ചുള്ള വാർത്തകൾ ശരിയല്ലെന്നും എം.ഡി എൻ. രവികുമാർ പറഞ്ഞു. ബോർഡ് അംഗീകരിക്കുന്ന ലിസ്റ്റാണ് സർക്കാരിന് കൈമാറുക. പരമാവധി ആറുമാസം വരെയോ പി.എസ്.സിയിൽ നിന്ന് ആളെത്തുന്നതുവരെയോ ആണ് നിയമന കാലാവധി.
7 കോടി ലാഭം
2016ൽ 28 കോടി നഷ്ടത്തിലായിരുന്ന കേര ഫെഡ് ഇപ്പോൾ 7 കോടി 15ലക്ഷം രൂപയുടെ ലാഭത്തിലാണ്. 300 കോടി രൂപയുടെ ടേൺ ഓവറുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |