നാഗർകോവിൽ: തക്കലയിൽ ജ്യേഷ്ഠന്റെ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു വർഷങ്ങൾക്ക് ശേഷം അനുജൻ അറസ്റ്റിൽ. തക്കല, ചടയമംഗലം സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ ശിവകലയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അനുജൻ ശ്രീകണ്ഠൻ (45) പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2017 ജൂൺ 18 നായിരുന്നു സംഭവം. ശ്രീകണ്ഠന്റെ വീടിന്റെ അരികിലായായിരുന്നു ശിവകല താമസിച്ചിരുന്നത്. സംഭവ ദിവസം ശിവകല ശരീരം മുഴുവൻ വെന്ത നിലയിൽ മരണത്തോട് മല്ലിടുകയായിരുന്നു. ഇതു കണ്ട അയൽവാസികൾ ശിവകലയെ നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് ശിവകല ശ്രീകണ്ഠനെതിരെ മൊഴി നൽകിയത്. വീട്ടിൽ വച്ച് അനുജൻ മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു എന്നായിരുന്നു മൊഴി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശിവകല മരിച്ചു. തക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും ശ്രീകണ്ഠനെ പിടികൂടാനായില്ല. തുടർന്ന് തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് പ്രതിക്കായുള്ള തെരച്ചിൽ നടത്തി വരവേയാണ് ഇയാൾ കൊല്ലം ജില്ലയിലെ കോളാഞ്ചേരിയിൽ നിന്ന് പിടിയിലാകുന്നത്. പ്രതിയെ ഇന്നലെ അറസ്റ്റു ചെയ്ത് തക്കല സ്റ്റേഷനിൽ എത്തിച്ചു. മുൻ വിരോധം കാരണമാണ് താൻ ശിവകലയെ കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. സുരേഷ് കുമാർ - ശിവകല ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |