പേരാമ്പ്ര: വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസും കണ്ട് വീട് പരീക്ഷണ ശാലയാക്കിയ വിദ്യാർത്ഥി നവമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. വട്ടോളി ഗവ. യു.പി സ്‌കൂൾ ആറാം തരം വിദ്യാർത്ഥി നിവേദ് കൃഷ്ണയാണ് ശ്രദ്ധേയനാകുന്നത്. മാറ്റത്തിന്റെ പൊരുൾ എന്ന പാഠം പഠിപ്പിക്കുന്നതിനിടെ തുല്യ അളവിൽ താപം നൽകിയാൽ മെഴുക്, അരക്ക്, നെയ്യ് എന്നിവയിൽ ഏത് ആദ്യം ഉരുകും ഏതാദ്യം ഉറയ്ക്കും എന്ന് പരീക്ഷിക്കാൻ നിർദ്ദേശിച്ചിരുന്നു.
ശാസ്ത്ര അദ്ധ്യാപി
ക പറഞ്ഞത് പോലെ ചരങ്ങളെ കൃത്യമായി നിയന്ത്രിച്ച് സ്വയം ഉപകരണം ഉണ്ടാക്കി. ഇവ പരീക്ഷിക്കുന്ന വീഡിയോ അദ്ധ്യാപികയ്ക്ക് അയച്ചു. ഇത് അവരുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തതോടെ യു.പി. ശാസ്ത്ര പാഠപുസ്തക രചയിതാവ് ഇല്യാസ് പെരുമ്പലത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഫസ്റ്റ് ബെൽ ക്ലാസിന് ഇതിലും മികച്ച പോർട്ട് ഫോളിയോ ഇനി ലഭിക്കാനില്ല എന്ന അടിക്കുറിപ്പോടെ ബീ.ടി.വി. സയൻസ് എന്ന യൂ ട്യൂബ് ചാനലിലടക്കം അദ്ദേഹം പങ്കുവെച്ചു. വിക്ടേഴ്സ് ചാനലിൽ ക്ലാസ് അവതരിപ്പിച്ച അദ്ധ്യാപകൻ ബിജു മാത്യുവും ഇത് കണ്ട് നിവേദിനെ ഫോണിൽ വിളിച്ച് അനുമോദിച്ചു. നിവേദിന്റെ പിതാവ് വി.പി. ബൈജു ഖത്തറിൽ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകനും അമ്മ ബീന കൃഷി അസിസ്റ്റന്റുമാണ്. അനുജൻ നൈതിക് റാം ഇതേ സ്‌കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |