ബാങ്ക് വിവരങ്ങൾ വരെ ചോദിക്കും, എതിർപ്പുമായി കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനമായ സൗജന്യ ഹെൽത്ത് ഐ.ഡി കാർഡ് തയ്യാറാക്കാൻ പൗരൻമാരുടെ ജാതിയും ലൈംഗികാഭിരുചിയും രാഷ്ട്രീയ കാഴ്ചപ്പാടും അടക്കം ശേഖരിക്കാനുള്ള നീക്കം വിവാദത്തിലേക്ക്.
പൊതുജനാഭിപ്രായം തേടി ദേശീയ ആരോഗ്യ അതോറിട്ടി (എൻ.എച്ച്.എ) പുറത്തിറക്കിയ കരട് നയത്തിലെ ചോദ്യാവലിയിലാണ് ഇക്കാര്യങ്ങളുള്ളത്.
ശക്തമായി എതിർക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അതേസമയം, വിവരങ്ങൾ വ്യക്തികളുടെ സമ്മതത്തോടെ മാത്രമേ പരിശോധിക്കാൻ കഴിയൂവെന്നും അതിനാൽ സുരക്ഷതമാണെന്നും അധികൃതർ പറയുന്നു.
മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ, രോഗവിവരവും ചരിത്രവും, കഴിക്കുന്ന മരുന്നുകൾ തുടങ്ങിയ വിവരങ്ങളാണ് ഡേറ്റാബേസിലേക്ക് ആവശ്യമായവ. സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിലാണ് എതിർപ്പ്. പണമിടപാട് രീതികൾവരെ ചോദ്യാവലിയിലുണ്ട്.
വിവാദ ചോദ്യാവലി
പേര്, വിലാസം, വയസ്, ലിംഗം
ജാതി,വർഗം
ശാരീരിക, മാനസിക ആരോഗ്യം
രോഗം, ചികിത്സ
ബയോമെട്രിക്, ജനിതക വിവരങ്ങൾ
ഉയരം, തൂക്കം
ശാരീരിക ക്ഷമത
ലൈംഗികാഭിരുചി
മത,രാഷ്‌ട്രീയ കാഴ്ചപ്പാട്
ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകൾ
ഡേറ്റാ നയം
വിവരങ്ങൾ എന്ത് ഉപയോഗത്തിന്, ആർക്ക് കൈമാറണമെന്ന് തീരുമാനിക്കേണ്ടത് വ്യക്തി
ക്ളിനിക്കൽ ഗവേഷണത്തിന് ഉപയോഗിക്കുന്ന വിവരങ്ങൾ രഹസ്യമായിരിക്കും
വിവരശേഖരണം വ്യക്തികളുടെ അനുമതിയോടെ. വീഴ്‌ച വരുത്തുന്നവരെ ഒഴിവാക്കും
വിവരങ്ങൾ ചോർന്നാൽ ഉദ്യോഗസ്ഥരെ പുറത്താക്കും. ഏജൻസികളുടെ കരാർ റദ്ദാക്കും
വിവരങ്ങൾ മെഡിക്കൽ പ്രൊഫഷണലുകൾക്കും സ്ഥാപനങ്ങൾക്കും മാത്രം. ഇവർക്ക് ഐ.ഡി
ഡാറ്റാ സംരക്ഷണ ഓഫീസർ
ഡിജിറ്റൽ ആരോഗ്യമിഷനിൽ പങ്കാളിയാകുന്ന ഏജൻസികളിൽ വ്യക്തിവിവരങ്ങൾ സൂക്ഷിക്കാൻ ഡേറ്റാ സംരക്ഷണ ഓഫീസർ
പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോൾ ഡേറ്റാ സംരക്ഷണം ഓഫീസർ ഉറപ്പുവരുത്തണം
ഐ.ഡി നിരസിക്കാം
ഹെൽത്ത് ആരോഗ്യ കാർഡ് പൗരൻമാർക്ക് വേണ്ടെന്നു വയ്‌ക്കാം
കാർഡ് റദ്ദാക്കിയാൽ എല്ലാ വിവരവും ഡേറ്റാ ബേസിൽ നിന്ന് നീക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |