ന്യൂഡൽഹി: കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനും കഴിവുറ്റ ഭരണാധികാരിയും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജിക്ക് (84) രാജ്യത്തിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. തിങ്കളാഴ്ച വൈകിട്ട് ഡൽഹി ആർമി ആശുപത്രിയിലായിരുന്നു അന്ത്യം. 2019ൽ രാജ്യം ഭാരതരത്ന നൽകി ആദരിച്ചിരുന്നു. 2008ൽ പദ്മവിഭൂഷണും ലഭിച്ചിരുന്നു.രാജ്യത്ത് ഒരാഴ്‌ചത്തെ ദേശീയ ദുഃഖാചരണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരുന്നു പൊതുദർശനവും അന്ത്യകർമ്മങ്ങളും. ഇന്നലെ രാവിലെ മുതൽ രാജാജി റോഡിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് അവസരമൊരുക്കി. ഭൗതികദേഹം സൂക്ഷിച്ചിരുന്ന മുറിയിലേക്ക് ആർക്കും പ്രവേശനം ഉണ്ടായിരുന്നില്ല.സ്വീകരണമുറിയിൽ സ്ഥാപിച്ച ഛായാചിത്രത്തിനു മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചത്.ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, കേന്ദ്രമന്ത്രിമാർ എന്നിവർക്കു പുറമേ,രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളും ആദരാഞ്ജലി അർപ്പിച്ചു.
ഭൗതിക ശരീരം ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ലോധി റോഡിലെ ഇലക്ട്രിക് ശ്‌മശാനത്തിൽ കൊവിഡ് പ്രോട്ടാേക്കോൾ പാലിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
വിലാപയാത്ര ഒഴിവാക്കി ആംബുലൻസിലായിരുന്നു ഭൗതികശരീരം കൊണ്ടുപോയത്. പി.പി.ഇ കിറ്റ് ധരിച്ചാണ് മകൻ അഭിജിത് ബാനർജി അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഡൽഹി ആർമി റഫറൽ ആശുപത്രിയിൽ ആഗസ്‌റ്റ് 10ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതിനു പിന്നാലെ അദ്ദേഹത്തിന് കൊവിഡും പിടിപെട്ടിരുന്നു. കോമയിലാവുകയും അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്‌തതിനെ തുടർന്ന് 21 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
1982-84 കാലയളവിൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ രണ്ടാമനായി ധനമന്ത്രി സ്ഥാനം വഹിച്ചു. തുടർന്ന് കോൺഗ്രസ് ഭരണത്തിൽ പലപ്പോഴായി വിദേശം (95-96, 2006-09), പ്രതിരോധം (2004-06) എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. 2009-2012 കാലയളവിൽ വീണ്ടും ധനമന്ത്രിയായി. ആ പദവിയിൽ നിന്നാണ് പതിമൂന്നാമത് രാഷ്ട്രപതിയാകുന്നത്. 2017ൽ വിരമിച്ചശേഷം ഡൽഹിയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |