ന്യൂഡൽഹി: ഡി.സി.സി പ്രസിഡന്റുമാരായി തൃശൂരിൽ മുൻ എം.എൽ.എ എം.പി. വിൻസെന്റിനെയും, കോഴിക്കോട്ട് യു.രാജീവൻ മാസ്‌റ്ററെയും നിയമിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഉത്തരവിറക്കി.തൃശൂരിൽ ടി.എൻ. പ്രതാപൻ എം.പിയായും ,കോഴിക്കോട്ട് ടി. സിദ്ധിഖ് കെ.പി.സി.സി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഒഴിവ് വന്നത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന എം.പി .വിൻസെന്റ് കഴിഞ്ഞ നിയമസഭയിൽ ഒല്ലൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ,താലൂക്ക് ട്രഷറർ, ജില്ലാ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ,സംസ്ഥാന ജനറൽ സെക്രട്ടറി , ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.കേരള ഫാർമേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനി ചെയർമാൻ, വില്ലേജ് യൂത്ത് ക്ലബ്ബ് സംസ്ഥാന പ്രസിഡന്റ്, ജില്ലാ ടൂറിസം ഡവലപ്പ്‌മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. അളഗപ്പ നഗർ മാണിയാക്കുവീട്ടിൽ കർഷകനായ എം.വി പൗലോസിന്റേയും മേരിയുടേയും മകനാണ്. ഭാര്യ : റജി (തൃശൂർ തോപ്പ് സെന്റ് തോമസ് സ്‌കൂൾ അദ്ധ്യാപിക) മക്കൾ: വിക്ടർ (രാജഗിരി എൻജി.. കോളേജ് വിദ്യാർത്ഥി), അയറിൻ (ഫിസാറ്റ് എൻജി. കോളേജ് (അങ്കമാലി))
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരനായി നിയമിതനായ യു.രാജീവൻ മാസ്റ്റർ നിലവിൽ ഉപാദ്ധ്യക്ഷനാണ്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കൊയിലാണ്ടി മണ്ഡലം , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സി.സി നിർവാഹക സമിതി അംഗം, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ, കൊയിലാണ്ടി സർവീസ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവാണ്. .ഉണിത്രാട്ടിൽ പരേതനായ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്.ഭാര്യ: ഇന്ദിര (അദ്ധ്യാപിക ), മക്കൾ: രജീന്ദ് (സോഫ്റ്റ് വെയർ എൻജിനിയർ), ഡോ. ഇന്ദുജ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |