തിരുവനന്തപുരം: എല്ലാ ബസുകളിലും കറൻസി രഹിത ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുന്ന കെ.എസ്.ആർ.ടി.സിയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും,നാഷണൽ കോമൺ മൊബിലിറ്റി കാർഡും ഉപയോഗിക്കാൻ കഴിയുന്ന ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീൻ സംവിധാനമാണ് ഏർപ്പെടുത്തുന്നത്. ടിക്കറ്റ് വിതരണ സംവിധാനത്തെ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതിനാൽ ഒാരോ പാതയിലെയും ബസുകളുടെ സമയക്രമവും സീറ്റൊഴിവും യാത്രക്കാർക്ക് സ്‌മാർട്ട്‌ഫോൺവഴി അറിയാം. ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂൾ, റൂട്ട് മാറ്റങ്ങൾ, ബസിന്റെ തത്‌സമയ ലൊക്കേഷൻ എന്നിവ യാത്രക്കാർക്ക് അപ്പപ്പോൾ ലഭ്യമാകും.
ഇതോടൊപ്പം ഓഫീസുകളുടെ കമ്പ്യൂട്ടർവത്കരണവും നടക്കും. 16.98 കോടി രൂപ ചെലവു വരുന്ന പദ്ധതിക്കാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ബസുകളുടെ കൂട്ടയോട്ടം തടയാൻ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റത്തിലൂടെ കഴിയും. യാത്രക്കാർ ഏറെയുള്ള റൂട്ടുകളിലൂടെ ബസുകൾ തിരിച്ചുവിടാനാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക കൺട്രോൾ സെന്ററും ഹെൽപ്പ് ഡെസ്‌കും ഉണ്ടാകും. അഞ്ചുമാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് എം.ഡി ബിജുപ്രഭാകർ അറിയിച്ചു.