രാഷ്ട്രീയത്തിലെ ജ്ഞാനവൃദ്ധനായിരുന്നു പ്രണബ് കുമാർ മുഖർജി. അക്ഷരാർത്ഥത്തിൽ ഒരു സർവവിജ്ഞാനകോശം! തലമുറകളുടെ വിടവില്ലാതെ, എല്ലാ കാലത്തിന്റെയും വിജ്ഞാനശാഖകളെ ഒരുപോലെ ഗ്രഹിക്കാനും ആ അറിവിന്റെ ആഴത്തിൽ രാഷ്ട്രീയത്തിലെ ചാണക്യസൂക്തങ്ങൾ കൊണ്ട് അടരാടാനും കഴിയുന്ന ഇന്ത്യയിലെ അപൂർവം നേതാക്കളിൽ ഒരാൾ!
സംസ്ഥാന നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ പോയി കാണണമെന്ന് ആഗ്രഹിച്ചു. ചുരുങ്ങിയ സമയമാണ് അനുവദിക്കപ്പെട്ടത്. അദ്ദേഹത്തെപ്പോലൊരാൾക്ക് എന്തു സമ്മാനം നൽകണമെന്നു ചിന്തിച്ചപ്പോൾ എനിക്കു തോന്നി, ഭാരതീയ ആത്മീയതയിലുള്ള വൈവിദ്ധ്യഭാവങ്ങൾ പ്രതിപാദിക്കുന്ന 'Asura: Tale of the Vanquished ’ എന്ന ആനന്ദ് നീലകണ്ഠന്റെ പുസ്തകം സമ്മാനിക്കാമെന്ന്.
എന്നെ നേപരിൽക്കണ്ടപ്പോൾ കൗതുകത്തോടെ അദ്ദേഹത്തിന്റെ അന്നത്തെ സെക്രട്ടറിയായിരുന്ന വേണു രാജാമണിയോട് 'ഇതാണോ സ്പീക്കർ? ഈ ചെറിയ പ്രായത്തിൽ ഇദ്ദേഹം എങ്ങനെ സ്പീക്കറായി' എന്ന് ചോദിച്ചു. ഞാൻ സരസമായിത്തന്നെ മറുപടി പറഞ്ഞു: "I am not young as much as you think!''
എന്തുകൊണ്ട് ഈ പുസ്തകം തരുന്നു എന്നു ചോദിച്ചപ്പോൾ വിഡ്ഢിയെപ്പോലെ ഞാൻ അദ്ദേഹത്തോട് ഓണത്തെക്കുറിച്ചും മഹാബലിയെക്കുറിച്ചും, ആ അസുരചക്രവർത്തിയെ ചവിട്ടിത്താഴ്‌ത്തിയതിനെ സംബന്ധിച്ചുമെല്ലാം പറഞ്ഞു. എല്ലാം കേട്ടുകൊണ്ടിരുന്ന അദ്ദേഹം പിന്നീട് ഒരു ചരിത്രാധ്യാപകനെപ്പോലെ എനിക്കു ക്ലാസെടുക്കാൻ തുടങ്ങി. ജാർഖണ്ഡിന്റെയും ഛത്തീസ്ഗഢിന്റെയും അതിർത്തികളിലെ മലമടക്കുകളിൽ ഉണ്ടായിരുന്ന വാസ്തുശക്തി നിറഞ്ഞ കൊട്ടാരക്കെട്ടുകളെക്കുറിച്ചും പ്രകൃതിയോടിണങ്ങുന്ന വാസ്തുകലയിൽ അസുരന്മാർക്കുണ്ടായിരുന്ന പ്രാഗത്ഭ്യത്തെക്കുറിച്ചും വിശദമായി സംസാരിച്ചു. ഞാൻ അത്ഭുതപരതന്ത്രനായിരുന്നു.
അദ്ദേഹം പറഞ്ഞു, 'മലയാളികൾ മാത്രമാണ് ഭാരതത്തിലെ ഏറ്റവും ശക്തന്മാരും ആശയധാരയുമായിരുന്ന അസുരന്മാരെക്കുറിച്ച് ഓർമ്മിക്കുന്നതെന്ന്. അസുരവംശവുമായി ബന്ധപ്പെട്ട ആഘോഷം നടത്തുന്നതെന്ന്. ചവിട്ടിത്താഴ്‌ത്തിയ ബ്രാഹ്മണനായ വാമനനെയല്ല, ചവിട്ടിത്താഴ്‌ത്തപ്പെട്ട അസുരനായ മഹാബലിയെ നിങ്ങൾ ആരാധിക്കുന്നു, കാത്തിരിക്കുന്നു എന്നത് മലയാളിയുടെ അടിസ്ഥാനപരമായ ഔന്നത്യത്തിന്റെ ലക്ഷണമാണ്' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് അഭിമാനം തോന്നി.
മിനിറ്റുകൾ മാത്രമായിരിക്കുമെന്ന് കരുതിയിരുന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളമാണ് നീണ്ടത്. ഒരു തത്വചിന്തകൻ രാഷ്ട്രീയത്തിൽ വന്നാൽ സംഭവിക്കാനിടയുള്ള പ്രതിഭാസമാണ് പ്രണബ് മുഖർജി. അതുകൊണ്ടുതന്നെ അദ്ദേഹം
വഹിച്ച എല്ലാ പദവികളിലും ഈ സർഗാത്മകതയുടെ തിരയിളക്കം കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |