പത്തനംതിട്ട : എണ്ണയും പച്ചക്കറിയും പപ്പടവും ഉപ്പേരിയും മുതൽ പായസം മിക്സിൽ വരെ മായമുണ്ടോയെന്ന് സംശയം. ഓണം വിപണിയിൽ നടത്തിയ റെയ്ഡിൽ ഇത്തരം ഭക്ഷണ സാധനങ്ങളുടെ 64 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ കണക്കുകളിൽ കുറവുണ്ടെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകൾ നടത്തിയിരുന്നു. അത് കൊണ്ടാണ് ഒാണക്കാലത്തെ കണക്കിൽ കുറവുവന്നത്. കഴിഞ്ഞ വർഷം അമ്പതിനായിരത്തിലധികം രൂപ പിഴ ഈടാക്കിയിരുന്നു. സംസ്ഥാനത്തിന്റെ പുറത്തുനിന്നുവരുന്ന സാധനങ്ങളുടെ വരവ് കുറവായതിനാലും അതിർത്തിയിലെയും ചെക്ക് പോസ്റ്റിലേയും കർശനമായ പരിശോധനയും കാരണം മായം കലർന്ന സാധനങ്ങൾ ഇപ്പോൾ വളരെ കുറവ് മാത്രമാണ് ജില്ലയിലെത്തിയത്. എണ്ണയിലാണ് ഏറ്റവും കൂടുതൽ മായം കലരുന്നത്.
------------
ജില്ലയിൽ 39 ചെറുകിട വെളിച്ചെണ്ണ സംരഭ യൂണിറ്റുകളുണ്ട്. ഇവിടങ്ങളിലെ പരിശോധനയിൽ മായം കണ്ടെത്തിയിട്ടില്ല. ഭൂരിഭാഗവും കൊപ്രായിൽ നിന്ന് ചക്കിൽ ആട്ടി എടുക്കുന്ന വെളിച്ചെണ്ണയാണ്.
------------
30 കിലോ മത്സ്യം നശിപ്പിച്ചു
ഓണക്കാലത്ത് നടത്തിയ പരിശോധനയിൽ 30 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ആഗസ്റ്റ് 17 മുതൽ 28 വരെയായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയത്.
----------------
ഒാണക്കാലത്ത്
235 പരിശോധനകൾ
----------------
തിരുവനന്തപുരത്തെ ലാബിലേക്കാണ് സാമ്പിളുകൾ അയയ്ക്കുന്നത്. പതിന്നാല് ദിവസത്തിനുള്ളിൽ ഫലം എത്തും. നോട്ടീസ് നൽകേണ്ടവയ്ക്ക് കൃത്യമായി നോട്ടീസ് നൽകും. ഇപ്പോൾ ജനങ്ങൾ പരാതി നൽകുന്നതിൽ കൂടുതൽ ബോധവാൻമാരായി. ഒരു ദിവസം തന്നെ നാലും അഞ്ചും പരാതികൾ ലഭിക്കാറുണ്ട്. അത് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
രഘുനാഥ കുറുപ്പ്
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |