കടമ്പനാട് : ഒരു കാർഡിലൂടെ ചികിത്സാ സംബന്ധമായ എല്ലാ വിവരങ്ങളും ഒാൺലൈനായി നടപ്പാക്കാൻ കഴിയുമായിരുന്ന ഈ ഹെൽത്ത് പദ്ധതിക്ക് കൊവിഡ് വ്യാപനം തിരിച്ചടിയായി. ജില്ലയിൽ മാർച്ച് 31ന് മുൻപ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ഇതുവരെ തുടങ്ങാനായില്ല. കൊവിഡ് പോലുള്ള പകർച്ചവ്യാധികളെ തുരത്താൻ ഏറ്റവും ഗുണകരമാകുമായിരുന്ന പദ്ധതിയായിരുന്നു ഇത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ആരോഗ്യവിഭാഗത്തിന് മുഴുവൻ സമയം ശ്രദ്ധ ചെലുത്തേണ്ടിവന്നതാണ് ഇ ഹെൽത്ത് പദ്ധതിക്ക് തടസമായത്. സാധാരണക്കാരായ രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും പദ്ധതി ഏറെ ഗുണകരമാകുമായിരുന്നു.
കാർഡിലൂടെ ആരോഗ്യം
ചികിത്സാരേഖകളൊന്നും ഇല്ലാതെ ഹെൽത്ത് കാർഡ് മാത്രം ഉപയോഗിച്ച് ആശുപത്രികളിൽ ചികിത്സതേടാൻ സാധിക്കും. ചികിത്സ സംബന്ധിച്ച വിവരങ്ങളെല്ലാം പൂർണമായും ഒാൺലൈനാകും. ആശുപത്രിയിലേക്ക് ഒരു കാർഡുമായി കടന്നുചെല്ലാം. കാർഡ് കമ്പ്യൂട്ടറുമായി കണക്ടുചെയ്താൽ രോഗിയുടെ അതുവരെയുള്ള രോഗാവസ്ഥകളെല്ലാം ഡോക്ടർക്ക് അറിയാൻ കഴിയും. നിലവിലെ അവസ്ഥകൾ പരിശോധിച്ച് മരുന്നു നൽകുന്നതിനോടൊപ്പം അന്നത്തെ ചികിത്സാവിവരങ്ങളും കാർഡിലേക്ക് അപ്ഡേറ്റ് ചെയ്യും. ആരോഗ്യപ്രവർത്തകർ ജില്ലയൊട്ടാകെ ഇതിനായി വിവരശേഖരണം നടത്തിയിരുന്നു. വിവരശേഖരണസമയത്ത് രജിസ്റ്റർ ചെയ്തവർക്കാണ് പദ്ധതിയുടെ ഗുണം ആദ്യഘട്ടത്തിൽ ലഭിക്കുക. ഒാരോവ്യക്തിക്കും പ്രത്യേകം നമ്പർ നൽകിയിട്ടുണ്ട്. ചികിത്സക്കായി ഒ പിയിൽ വരുമ്പോൾ ഈ നമ്പർ നൽകിയാൽ മതി. പരിശോധനയ്ക്കെത്തുന്ന രോഗിയുടെ രോഗവിവരങ്ങൾ ഒാൺലൈനായി അപ്ഡേറ്റ് ചെയ്യും. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്താലും സേവനം സുഗമമാക്കാൻ ഈ ഹെൽത്ത് സംവിധാനം പ്രയോജനചെയ്യും.
ആദ്യഘട്ടത്തിൽ
പത്തനംതിട്ട ജനറൽ ആശുപത്രി, ഒാതറ, ചെന്നീർക്കര, പന്തളം, വടശ്ശേരിക്കര, തണ്ണിതോട് ,കോട്ടാങ്ങൽ എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്.
ഇ ഹെൽത്ത് പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.കൊവിഡി ന്റെ പ്രത്യേകസാഹചര്യത്തിലാണ് നടപ്പിലാക്കാൻ കഴിയാതെ പോയത്. പദ്ധതി യാഥാർത്ഥ്യമാക്കും.
ഡോ. എ.എൽ.ഷീജ,
ഡി.എം.ഒ, പത്തനംതിട്ട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |