ഒറ്റപ്പാലം: 'ഞങ്ങൾ വർഷങ്ങളായി ഓണക്കോടിയെടുക്കുക വാണിയംകുളം ചന്തയിൽ നിന്നാണ്. ഓണത്തോടനുബന്ധിച്ച് നടക്കുന്ന ചന്തയിൽ എല്ലാം കിട്ടുമായിരുന്നു. ഉപ്പ് മുതൽ കർപ്പൂരം വരെ, എന്തെങ്കിലും ചന്തയിൽ വിൽക്കാനുമുണ്ടാവും. ഇത്തവണ ആ ചന്ത മുടങ്ങി''കാടുമൂടി കിടക്കുന്ന ചന്തയെ നോക്കി പനയൂർ സ്വദേശിനി ജാനകി (68) പറഞ്ഞു. പതിറ്റാണ്ടുകളായി ചന്തയുമായി ആത്മബന്ധം പുലർത്തുന്ന അനവധി പേർ സമീപ പ്രദേശങ്ങളിലുണ്ട്.
കൊവിഡ് മുൻ കരുതലിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചുമാസമായി ചന്ത പ്രവർത്തിക്കുന്നില്ല. ഇതോടെ ഗംഭീരമായി നടക്കേണ്ട ഓണച്ചന്തയും മുടങ്ങി. ഓണാഘോഷത്തിനാവശ്യമായ സാധനങ്ങൾ ചന്തയിൽ നിന്ന് വാങ്ങുന്ന പഴയ തലമുറയുടെ ശീലം ഇത്തവണ മുടങ്ങി. പച്ചക്കറി, തുണിത്തരം, കൊട്ട, മുറം, മൺപാത്രം, കത്തി മുതൽ കണ്ണാടി വരെ വാങ്ങാൻ കിട്ടുമായിരുന്നു. വ്യാഴാഴ്ചയാണ് പ്രധാന ചന്ത ദിവസം. മത്സ്യമാംസ കച്ചവടവുമുണ്ട്.
പഴയ തലമുറയുടെ സൂപ്പർ മാർക്കറ്റ് ആണിത്. ആന മുതൽ സ്വർണ്ണം വരെ വാങ്ങാൻ കഴിഞ്ഞിരുന്ന പ്രതാപകാലമുണ്ട് വാണിയംകുളം ചന്തയ്ക്ക്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആറേക്കർ വരുന്ന ചന്ത കവളപ്പാറ മൂപ്പിൽ നായർ തുടങ്ങി വെച്ചതാണ്. ഇന്ന് വാണിയംകുളം പഞ്ചായത്ത് നടത്തി വരുന്നു. നവീകരണത്തിനുള്ള കോടികളുടെ പദ്ധതി കടലാസിലാണ്. കന്നുകാലി ചന്തയ്ക്ക് പേര് കേട്ടതാണ് വാണിയംകുളം.
കോടികളുടെ കച്ചവടം നടക്കുന്ന ചന്ത ഇപ്പോൾ കാടുമൂടി കിടക്കുന്നു. കന്നുകാലി വ്യാപാരവുമായി ബന്ധപ്പെട്ടും ചന്തയുമായി ബന്ധപ്പെട്ടും ഒട്ടേറെ പേർ ഉപജീവനം നടത്തിയിരുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിങ്ങനെ അന്യസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് കന്നുകാലി വ്യാപാരം. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള കച്ചവടക്കാരെല്ലാം ചന്തയുടെ ഭാഗമാണ്. കാടുകൂടിയ ചന്തയുടെ മുഖം മാറി ചന്തം വീണ്ടെടുക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് നാട്ടുകാർ.