ആറന്മുള: ആറന്മുള ഉത്രട്ടാതി ജലോത്സവം ആചാരപരമായി ഒരു പള്ളിയോടത്തെ സ്വീകരിച്ചുകൊണ്ട് ഇന്ന് രാവിലെ 10.15 ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രക്കടവിൽ നടക്കും. ഒരു പള്ളിയോടം മാത്രം പങ്കെടുത്ത് ചടങ്ങ് പൂർത്തിയാക്കാനാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനായി പള്ളിയോട സേവാസംഘം തിരഞ്ഞെടുത്തിരിക്കുന്നത് ളാക ഇടയാന്മുള പള്ളിയോടത്തെയാണ്. ആഞ്ഞിലിമൂട്ടിൽക്കടവിൽ നിന്ന് ക്ഷേത്രക്കടവിലെത്തുന്ന ളാക ഇടയാറന്മുള പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികളുടെ നേതൃത്വത്തിൽ വെറ്റപുകയില നൽകി സ്വീകരിക്കും. അവിൽപ്പൊതിയും പള്ളിയോടത്തിന് ചാർത്താനുള്ള മാലയും കളഭവും കൈമാറും. വഞ്ചിപ്പാട്ട് പാടി പള്ളിയോടം മടങ്ങുന്നതോടെ ചടങ്ങ് അവസാനിക്കും. ഉത്രട്ടാതി നാളിൽ സാധാരണയായി പള്ളിയോടത്തിലെത്തുന്നവർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാറില്ല. പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ജലനിരപ്പ് അനുകൂലമാണെങ്കിൽ പമ്പയുടെ നെട്ടായത്തിൽ പളളിയോടം ചവിട്ടിത്തിരിക്കുന്നതുൾപ്പെടെയുള്ള കാഴ്ചകൾ കാണാൻ കഴിയുമെന്നാണ് പള്ളിയോട പ്രേമികൾ പ്രതീക്ഷിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 24 പേർക്ക് മാത്രമാണ് പള്ളിയോടത്തിൽ കയറുന്നതിന് അനുമതിയുള്ളത്. തിരവോണനാളിൽ കിഴക്കൻമേഖലയിൽ നിന്നുള്ള പള്ളിയോടക്കടരകളിലെ കരക്കാർ ളാക ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാർക്കൊപ്പം അകമ്പടി സേവിക്കുന്ന ചടങ്ങിനെത്തിയിരുന്നു.
ഉത്രട്ടാതി വള്ളംകളിക്ക് പടിഞ്ഞാറൻമേഖലയിൽ നിന്നുളള കരക്കാരാണ് ളാക ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാർക്കൊപ്പം പങ്കെടുക്കുന്നത്. സെപ്തംബർ 10 ന് അഷ്ടമിരോഹിണി വള്ളസദ്യക്ക് മദ്ധ്യമേഖലയിൽ നിന്നുള്ള കരക്കാരാണ് പങ്കെടുക്കുന്നത്. പള്ളിയോടത്തിൽ പ്രവേശിക്കുന്നവരുടെ താപനില ഉൾപ്പെടെ പരിശോധിച്ച ശേഷം കൈകൾ അണുവിമുക്തമാക്കിയ ശേഷമാണ് പ്രവേശിപ്പിക്കുന്നത്.
തത്സമയ സംപ്രേക്ഷണം
ആറന്മുള: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആറന്മുളയിലെ ചടങ്ങുകൾക്ക് ഭക്തർക്ക് പ്രവേശനമില്ലാത്തതിനാൽ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യും. തത്സമയം കാണുന്നതിനായി ഫേസ് ബുക്ക്, യുട്യൂബ് എന്നീ സമൂഹമാദ്ധ്യമങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. പള്ളിയോട സേവാസംഘത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ARANMULA BOAT RACE - LIVE Palliyoda Seva Sangham , ലിങ്ക് ചുവടെ :
https://www.youtube.com/
ഫേസ്ബുക്ക് പേജായ Aranmula Palliyoda Seva Sangham എന്നിവയിലൂടെ പ്രധാനപ്പെട്ട ചടങ്ങുകളുടെ തത്സമയ വീഡിയോ മറ്റ് പ്രധാനപ്പെട്ട വീഡിയോകളും ലഭ്യമാക്കും. ലിങ്ക് ചുവടെ
https://www.facebook.com/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |