കൊവിഡ് വ്യാപനത്തെത്തുടർന്നു പാർലമെന്റിന്റെ വർഷകാല സമ്മേളനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ബഡ്ജറ്റ് സമ്മേളനവും മാർച്ചിൽ ധൃതഗതിയിൽ നടപടികൾ പൂർത്തിയാക്കി പിരിയുകയാണുണ്ടായത്. കൊവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വന്ന സാഹചര്യത്തിലാണ് വർഷകാല സമ്മേളനം നടത്താനുള്ള തീരുമാനമുണ്ടായത്. സെപ്തംബർ 14 മുതൽ ഒക്ടോബർ ഒന്നുവരെ അവധിയൊന്നുമില്ലാതെ 18 ദിവസം ഇരു സഭകളും സമ്മേളിക്കുന്നതിനുള്ള കാര്യപരിപാടിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു ദിവസം നാലു മണിക്കൂർ മാത്രമാകും സിറ്റിംഗ്. രാജ്യസഭ രാവിലെയും ലോക്‌സഭ ഉച്ചകഴിഞ്ഞും സമ്മേളിക്കും. പുതിയ ഒട്ടേറെ ക്രമീകരണങ്ങളാണ് സമ്മേളനത്തിനായി ഏർപ്പാടാക്കിയിരിക്കുന്നത്. ഇരിപ്പിടങ്ങൾ ഒരുക്കുന്നതിലും ആൾ സാന്നിദ്ധ്യം നിയന്ത്രിക്കുന്നതിലുമെല്ലാം കൊവിഡ് പ്രോട്ടോക്കോൾ ബാധകമാക്കും. പ്രധാനമായും നിയമ നിർമ്മാണത്തിനു വേണ്ടിയാണ് പാർലമെന്റ് സമ്മേളിക്കുന്നത്. അതു കണക്കിലെടുത്ത് പതിവുള്ള ചോദ്യോത്തരവേള ഒഴിവാക്കുന്ന വിധത്തിലാണ് ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. അതുപോലെ ശൂന്യവേളയുടെ സമയവും പകുതിയായി കുറയ്ക്കും. വെള്ളിയാഴ്ച തോറുമുള്ള സ്വകാര്യ ബില്ലുകൾക്കും അനുമതിയുണ്ടാകില്ല. നേരത്തെ തന്നെ പ്രതിപക്ഷ നേതാക്കളുമായി ഇക്കാര്യങ്ങൾ സംബന്ധിച്ച് ഏതാണ്ടൊരു ധാരണയിലെത്തിയിരുന്നതാണ്. എന്നാൽ ഔദ്യോഗികമായി ഇരു സഭകളുടെയും കാര്യപരിപാടികൾ കഴിഞ്ഞ ദിവസം പുറത്തുവന്ന ഉടനെ പ്രതിപക്ഷ പാർട്ടികൾ വൻ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്. ചോദ്യോത്തരവേള ഉപേക്ഷിക്കുന്നതിലാണ് അവർക്ക് പ്രധാനമായും എതിർപ്പും പ്രതിഷേധവുമുള്ളത്. എം.പിമാരുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമായും ജനാധിപത്യ ധ്വംസനമായും മറ്റുമുള്ള വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. ജനാധിപത്യവിരുദ്ധമായ ഈ തീരുമാനത്തെ പാർലമെന്റിനകത്തും പുറത്തും അതിശക്തമായി എതിർക്കാനാണ് മുഖ്യ പ്രതിപക്ഷ കക്ഷികളുടെ നീക്കം. ചോദ്യോത്തരവേള ഒരു കാരണവശാലും റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളിലെ നിരവധി നേതാക്കൾ സഭാദ്ധ്യക്ഷന്മാർക്ക് കത്തയച്ചുകൊണ്ടിരിക്കുകയാണ്. പാർലമെന്റ് സമ്മേളിക്കുന്നതിനു മുമ്പു തന്നെ വിവാദ പ്രശ്നം വീണുകിട്ടിയ പശ്ചാത്തലത്തിൽ സമ്മേളന കാലത്തെ പുകിലുകൾ എന്തൊക്കെയാകുമെന്ന് ഇപ്പോഴേ ഊഹിക്കാനാകും.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ചോദ്യോത്തരവേള ഒഴിവാക്കുന്നതുൾപ്പെടെ ചില നിയന്ത്രണങ്ങൾ വേണ്ടിവന്നതെന്ന് സർക്കാരിന്റെ ഭാഗത്തുനിന്നു വിശദീകരണം വന്നിട്ടുണ്ട്. രേഖാമൂലമുള്ള ചോദ്യങ്ങൾക്ക് അതേ രൂപത്തിൽ മറുപടി നൽകുന്ന സംവിധാനം തുടർന്നും ഉണ്ടാകുമെന്ന ഉറപ്പും കൂട്ടത്തിലുണ്ട്. മന്ത്രിമാർ നേരിട്ട് സഭയിൽ ഉത്തരങ്ങൾ നൽകേണ്ട ചോദ്യങ്ങൾക്കാണ് നിയന്ത്രണം. കൂടുതൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം സഭയിൽ ഒഴിവാക്കാൻ വേണ്ടിയാണ് ഈ മാറ്റമെന്നാണു വിശദീകരണം. അത് എന്തുതന്നെയായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ചോദ്യോത്തരവേളയുടെ കാര്യത്തിൽ പ്രതിപക്ഷം കടും പിടി കാണിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ തന്നെയാണുള്ളത്. സർക്കാർ തീരുമാനത്തോട് ഇത്രയേറെ എതിർപ്പുണ്ടായിരുന്നുവെങ്കിൽ നേരത്തെ നടന്ന കൂടിയാലോചനയിൽ അക്കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കാമായിരുന്നു. നിർദ്ദേശം വന്നപ്പോൾ അനുകൂലമായി തലയാട്ടിയവർ പിന്നീട് നിലപാടു മാറ്റിയിരിക്കുകയാണ്. ചോദ്യോത്തര വേളയാണ് സഭാനടപടികളിലെ ഏറ്റവും സജീവവും പ്രസക്തവുമായ മുഹൂർത്തമെന്നതു തർക്കമറ്റ കാര്യം തന്നെ. സർക്കാരിൽ നിന്ന് വിവാദ വിഷയങ്ങളിൽ കൃത്യമായ മറുപടി ലഭിക്കാനുള്ള കനകാവസരം തന്നെയാണത്. വേണ്ടത്ര ഗൃഹപാഠം ചെയ്തെത്തുന്ന അംഗങ്ങൾക്ക് സർക്കാരിനെ ഒട്ടേറെ വിഷയങ്ങളിൽ തളച്ചിടാൻ കഴിയും. സഭയിൽ നൽകുന്ന മറുപടികളിൽ നിന്ന് മന്ത്രിമാർക്ക് പിന്നീട് പിന്നാക്കം പോകാൻ കഴിയാത്ത സാഹചര്യവുമുണ്ടാകും. ഇതൊക്കെ പ്രശ്നത്തിന്റെ ഒരു വശം മാത്രമാണെന്ന് ഓർക്കണം. പാർലമെന്റ് സമ്മേളനങ്ങളുടെ നാൾവഴി പരിശോധിച്ചാൽ ഏറ്റവുമധികം പരിക്കേൽക്കാറുള്ളതും ചോദ്യോത്തര വേളകൾക്കാണെന്നു കാണാം. വിവാദ വിഷയങ്ങൾ ഉണ്ടാകുമ്പോൾ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം ചോദ്യോത്തരവേള സസ്പെൻഡ് ചെയ്ത് തർക്ക വിഷയത്തെക്കുറിച്ചു ചർച്ച നടത്തണമെന്നതാകും. എത്രയോ സമ്മേളനങ്ങൾ ചോദ്യോത്തരവേളയിലേക്കു കടക്കാൻ പോലുമാകാതെ പിരിഞ്ഞിട്ടുമുണ്ട്. സഭാദ്ധ്യക്ഷൻ ആദ്യ ചോദ്യം വായിച്ചു തീരും മുമ്പേ ബഹളത്തിലേക്കു വഴുതിവീണിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ജനാധിപത്യബോധവും അവകാശ ബോധവുമൊക്കെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഉയിർക്കൊണ്ടതെങ്ങനെ എന്നു ചോദിക്കാതിരിക്കാൻ കഴിയുന്നില്ല. സുപ്രധാനമായ ബഡ്ജറ്റ് സമ്മേളനം ഉൾപ്പെടെ എത്രയോ സമ്മേളനങ്ങൾ പാടേ ഒലിച്ചുപോയ എത്രയോ അവസരങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ ഭരണപക്ഷത്തിരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും മാറി മാറി ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിച്ചവരാണ്. ജനാധിപത്യത്തെയും പാർലമെന്റിനെയും കളങ്കപ്പെടുത്തുന്ന കാര്യത്തിൽ ഒരു പാർട്ടിയും പിന്നിലല്ലെന്ന യാഥാർത്ഥ്യം ആരും വിസ്മരിക്കരുത്.
ചോദ്യോത്തരവേള ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപേക്ഷിക്കുന്നതുകൊണ്ട് ജനങ്ങൾക്ക് പ്രത്യേക നഷ്ടമൊന്നും ഉണ്ടാകാനിടയില്ല. ഈ കൊവിഡ് കാലത്ത് മറ്റ് എന്തെല്ലാം ദുരനുഭവങ്ങളിലൂടെ കടന്നുപോയതിന്റെ തിക്താനുഭവങ്ങൾ അവരുടെ മുമ്പിലുണ്ട്. മഹാമാരി കാരണം ജീവിതത്തിന്റെ എല്ലാ സന്തോഷവും നഷ്ടമായവർ ഉണ്ട്. തൊഴിൽ നഷ്ടമായവർ കോടിക്കണക്കിനാണ്. രാജ്യമൊട്ടുക്കും കുട്ടികളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിലായി. വിവാഹങ്ങളുടെയും മറ്റ് ചടങ്ങുകളുടെയും പൊലിമ ഇല്ലാതായി. അന്ത്യയാത്രകളിൽ പോലും അനുഗമിക്കാൻ ആളില്ലാതായി. ഓർക്കാപ്പുറത്ത് കടന്നെത്തിയ സൂക്ഷ്മജീവി ഇത്തരത്തിൽ ലോകത്താകമാനം മനുഷ്യരുടെ ജീവിതം മുടക്കി നിൽക്കുമ്പോൾ പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഉപേക്ഷിച്ചതിന്റെ പേരിൽ കോലാഹലത്തിന് മുതിരുന്നത് രാഷ്ട്രീയ അല്പത്തമാണ്. രാജ്യത്തൊട്ടാകെ അഞ്ചാറുമാസമായി ആരാധനാലയങ്ങളിൽ നിന്നുപോലും ജനങ്ങളെ അകറ്റിനിറുത്തിയത് രോഗവ്യാപനം തടയാൻ വേണ്ടിയാണ്. സർക്കാർ കൊണ്ടുവന്ന എല്ലാ നിയന്ത്രണങ്ങളും ജനങ്ങൾ അക്ഷരംപ്രതി പാലിച്ചുകൊണ്ടിരിക്കുകയാണ്. ചോദ്യോത്തരവേള ഇല്ലെന്നുവച്ച് പാർലമെന്റ് സമ്മേളനത്തിന്റെ മഹിമ കുറയാനൊന്നും പോകുന്നില്ല. വിവാദ വിഷയങ്ങളിൽ സർക്കാരിന്റെ മറുപടി തേടാൻ വേറെ എത്രയോ വഴികളുള്ളപ്പോൾ ചോദ്യോത്തരവേളയാണ് എല്ലാറ്റിന്റെയും അവസാനമെന്നു കരുതുന്നത് പാപ്പരത്തമാണ്. പ്രതിവർഷം ശരാശരി നൂറു ദിവസങ്ങൾ പോലും പാർലമെന്റ് സമ്മേളിക്കാറില്ലെന്ന വസ്തുതയും ഓർക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |