തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ 26 ദിവസം പൂഴ്‌ത്തിവച്ചശേഷം, ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിനു മുന്നിലെത്തി. കഴിഞ്ഞ 26ന് വൈകിട്ട് ആഭ്യന്തര സെക്രട്ടറിയുടെ പേരെഴുതിയ സീൽഡ് കവറിൽ കോൺഫിഡൻഷ്യൽ (അതീവ രഹസ്യം) എന്നു രേഖപ്പെടുത്തി വിജിലൻസ് ആസ്ഥാനത്തു നിന്ന് ഫയലെത്തിക്കുകയായിരുന്നു.
ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ടുള്ള ഫയൽ പൂഴ്‌ത്തിയതായി കേരളകൗമുദി ആഗസ്റ്റ് 11ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ട ശേഷമാണ് ഫയൽ പൊങ്ങിയത്. ഇത്തരം ഫയലുകൾ അസി.ലീഗൽ അഡ്വൈസർ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എന്നിവരുടെ നിയമോപദേശം സഹിതമാണ് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറേണ്ടത്. ഈ ഫയലിൽ നിയമോപദേശം ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഫയൽ അന്നുതന്നെ ആഭ്യന്തരസെക്രട്ടറി വിജിലൻസ് ആസ്ഥാനത്തേക്ക് തിരിച്ചയച്ചു. ശിവശങ്കറിനെതിരെ കേസെടുക്കാമെന്ന പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം സഹിതം അടുത്ത ദിവസം ഫയൽ തിരിച്ചെത്തിച്ചു. ഫയൽ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എറണാകുളം സ്വദേശി ചെഷൈർ ടാർസൺ എന്നിവരുടെ പരാതികളെത്തുടർന്നാണ് ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയത്. സ്വപ്‌നാ സുരേഷിന്റേതടക്കമുള്ള ഐ.ടിവകുപ്പിലെ വഴിവിട്ട നിയമനങ്ങളും കൺസൾട്ടൻസി കരാറുകളുമാണ് പ്രധാനം. ബെവ്ക്യൂ ആപ്, സ്‌പ്രിൻക്ലർ ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. യോഗ്യതയില്ലാത്ത സ്വപ്നയെ ഒരു ലക്ഷത്തിലേറെ രൂപ ശമ്പളത്തിൽ പ്രോജക്ട് മാനേജരായി നിയമിച്ച് 12 മാസം ശമ്പളം നൽകിയതിലൂടെ ഖജനാവിന് നഷ്ടമുണ്ടായതിനാൽ അഴിമതിനിരോധനനിയമത്തിന്റെ പരിധിയിൽ വരും.
എന്തൊക്കെ അന്വേഷിക്കാം
എന്തൊക്കെ അന്വേഷിക്കണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരമാണ്. ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി നൽകിയാവും ഉത്തരവിറക്കുക.
പരാതിക്കാരുടെ മൊഴിയെടുത്ത ശേഷമുള്ള പ്രാഥമികാന്വേഷണത്തിൽ തെളിവു കണ്ടെത്തുന്ന എല്ലാ വിഷയങ്ങളും അന്വേഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |