പള്ളുരുത്തി: വീട്ടുവാടക നൽകാത്തതിനെ തുടർന്ന് വീട്ടുടമയുടെ ഭീഷണിയിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കിയതായി പരാതി. ഓട്ടോഡ്രൈവറായ തോപ്പുംപടി വാലുമ്മൽ റോഡിൽ ഉളളംപിള്ളിയിൽ അനീഷാണ് (36) ജീവനൊടുക്കിയത്. മൂന്നുമാസത്തെ വാടക കുടിശിക നൽകാനുണ്ടായിരുന്നു. വാടക കുടിശികയെ തുടർന്ന് വീട്ടുടമ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് ഭർത്താവ് അനീഷ് കഴിഞ്ഞ വ്യാഴാഴ്ച ജീവനൊടുക്കുകയായിരുന്നുവെന്ന് ഭാര്യ സൗമ്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു .
ജനുവരി 16നാണ് ഓട്ടോഡ്രൈവറായ അനീഷും ഭാര്യയും രണ്ട് മക്കളുമായി അമ്മയ്ക്കൊപ്പം തോപ്പുംപടിയിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്. 25,000 രൂപ അഡ്വാൻസും 9,000 രൂപ വാടകയുമായിരുന്നു കരാർ. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ആദ്യം ലോക് ഡൗണും പിന്നിട് പ്രദേശം കണ്ടെയ്ൻമെന്റ്‌സോൺ ആകുകയും ചെയ്തതോടെ ഓട്ടോ ഓടിക്കാൻ സാധിക്കാതെ വരികയും വാടക മുടങ്ങുകയായിരുന്നു.
മൂന്ന് മാസം കുടിശികയായതിന് പിന്നാലെ വീട്ടുടമ ഉടനെനെ വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് സൗമ്യ പറയുന്നു. അനീഷും കുടുംബവും താമസിക്കുമ്പോൾത്തന്നെ വേറെ ആൾക്കാരെ കൊണ്ടുവന്ന് വീട് കാണിക്കുകയും ചെയ്തിരുന്നു. തുടർന്ന് അഡ്വാൻസ് നൽകിയ തുക വാടകയിനത്തിൽ കുറക്കുകയും അവശേഷിക്കുന്ന തുക കൂടി നൽകി വീട് ഒഴിഞ്ഞോളാമെന്ന് ഉടമയോട് അറിയിച്ചിരുന്നതായും സൗമ്യ പറയുന്നു.
കോട്ടയത്ത് താമസിക്കുന്ന സൗമ്യയുടെ ചേച്ചിയുടെ വീട്ടിലേക്ക് താത്കാലികമായി വീട്ടുകാരെ മാറ്റിയതിന് ശേഷം വീട്ടു സാധനങ്ങൾ മാറ്റാനായിരുന്നു അനീഷ് പദ്ധതിയിട്ടിരുന്നത്. എന്നാൽ അനീഷിനെ പിന്നെയും വീട്ടുടമ ഫോണിൽ വിളിക്കുകയും ആറ് മിനിറ്റോളം ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുകയും ചെയ്തു. പിന്നീട് പുറത്തുപോയി വീട്ടിലെത്തിയ അനീഷ് ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് ഭാര്യ സൗമ്യയുടെ ആരോപണം. ഒമ്പത് വയസുള്ള അനിഘ , രണ്ടു വയസുകാരനായ ആഭിനാഥ് എന്നിവരാണ് മക്കൾ.
ഭീഷണിപ്പെടുത്തിയിട്ടില്ല
അതേസമയം അനീഷിനോട് വാടക ചോദിച്ചിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വീട്ടുടമ ശങ്കരൻകുട്ടി പറഞ്ഞു. വാടകയിനത്തിൽ തരാനുള്ള ബാക്കി തുക തന്നതിന് ശേഷം ബുധനാഴ്ച താമസം മാറാമെന്നാണ് തന്നോട് പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |