തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയുമായി തന്റെ മകൻ ബിനീഷ് കോടിയേരിക്കുള്ള ബന്ധത്തെ ചൊല്ലിയുള്ള ആരോപണത്തിൽ മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൂക്കിക്കൊല്ലാനുള്ള തെറ്റ് ബിനീഷ് ചെയ്തിട്ടുണ്ടെങ്കിൽ കൊല്ലട്ടെയെന്നും ആരും രക്ഷിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
ആരോപണങ്ങൾക്ക് ആരോപണവിധേയനായ വ്യക്തി തന്നെ വ്യക്തമായ മറുപടി നൽകിക്കഴിഞ്ഞിട്ടുണ്ട് . കേന്ദ്ര ഏജൻസികളാണ് കേസുകളെല്ലാം അന്വേഷിക്കുന്നത്. അവർ അന്വേഷിച്ച് കണ്ടെത്തട്ടെ. പ്രതിപക്ഷനേതാവിന്റെ പക്കൽ തെളിവുകളുണ്ടെങ്കിൽ എത്രയും വേഗം അന്വേഷണ ഏജൻസികൾക്ക് നൽകണം. അല്ലാതെ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് രാഷ്ട്രീയനേതാക്കൾക്ക് ഭൂഷണമാണോയെന്ന് ചിന്തിക്കണം. നിയമത്തിന് മുന്നിൽ ബിനീഷ് പ്രതിയാണെന്ന് തെളിഞ്ഞാൽ ശിക്ഷ അനുഭവിക്കണം. അതിനെയാരും തടസ്സപ്പെടുത്തില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന് മുന്നിലെത്തിക്കാനല്ലേ നോക്കേണ്ടത്. ആ വഴി തേടുന്നതാവും നല്ലത്. സ്വർണക്കടത്ത് കേസിൽ ഇത്രയും കാലം കഥകൾ പ്രചരിപ്പിച്ച് ഒടുവിൽ യു.ഡി.എഫിന് തന്നെ അത് എതിരായില്ലേ. മുസ്ലിംലീഗുമായി ബന്ധപ്പെട്ട എത്രപേരാണ് പിടിയിലായത്. ബി.ജെ.പിയുടെ ബന്ധം തെളിഞ്ഞില്ലേ. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും മുഖം വികൃതമായപ്പോൾ നുണക്കഥകളിറക്കി വക്രീകരിച്ച് പ്രശ്നം വഴിതിരിച്ചുവിടാനാണ് ശ്രമം.
ബിനീഷിന് മയക്കുമരുന്ന് കേസ് പ്രതിയുമായി നേരത്തേ ബന്ധമുണ്ടായിരുന്നോയെന്ന ചോദ്യത്തിന് , ഏതെങ്കിലും രക്ഷിതാവ് ഇങ്ങനെയൊരു ബന്ധമുണ്ടെന്നറിഞ്ഞാൽ മക്കളെ സംരക്ഷിക്കുമോയെന്നായിരുന്നു കോടിയേരി മറുപടി . നിങ്ങൾ ഒരു രക്ഷിതാവാണെങ്കിൽ സംരക്ഷിക്കുമോ? എനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ആരോപണങ്ങൾ ഇത്തരത്തിലുന്നയിക്കുന്നത് പതിവാണ്. ഇതിലൂടെ എന്നെ മാനസികമായി തകർക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അത് നടക്കില്ല. ഇതിനെക്കാൾ വലിയ കഥകളെ നേരിട്ടാണ് ഞാൻ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുന്നത്- കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |