തിരുവനന്തപുരം: മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് (നീറ്റ്) ദിവസങ്ങൾ മാത്രം ശേഷിക്കേ, വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിൽ റെയിൽവേയും കെ.എസ്. ആർ.ടി.സിയും ഇനിയും തീരുമാനമെടുത്തില്ല. പൊതുഗതാഗതം ഏർപ്പെടുത്താതിരുന്നാൽ സ്വന്തമായി വാഹനം ഇല്ലാത്ത വീട്ടിലെ കുട്ടികളാണ് വലയുന്നത്.ഈ മാസം 13നാണ് പരീക്ഷ.
എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിരുന്നു.
ബീഹാറിലും മഹാരാഷ്ട്രയിലും പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ തീരുമാനമെടുത്തിട്ടുണ്ട്. കേരളം ആവശ്യപ്പെട്ടാൽ സൗകര്യം ഒരുക്കും. നിലവിൽ അഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.
കൊവിഡ് മാനദണ്ഡം പാലിച്ച് യാത്രചെയ്യാൻ കഴിയുന്നവിധം പരീക്ഷാ കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ബസ് സർവീസുകൾ ക്രമീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.
നീറ്റ് സെന്ററുകൾ 660
നീറ്റ് പരീക്ഷയ്ക്ക് സംസ്ഥാനത്ത് 660 സെന്ററുകളുണ്ട്. ഒരു ഹാളിൽ 12 വിദ്യാർത്ഥികൾ മാത്രം. എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ കീമിന് സംസ്ഥാനത്താകെ ഉണ്ടായിരുന്നത് 320 സെന്ററുകൾ. സംസ്ഥാനത്തും ഡൽഹിയിലും വിദേശത്തുമായി 1.10 ലക്ഷം പേർ കീം എഴുതി. സംസ്ഥാനത്ത് മാത്രം നീറ്റ് എഴുതുന്നത് 1.50 ലക്ഷം വിദ്യാർത്ഥികൾ.
മുന്നൊരുക്കം വേണം
# ബസ് ഓൺ ഡിമാൻഡ് പ്രകാരം സർവീസുകൾ ക്രമീകരിക്കാം
# ഫോൺ നമ്പരുകൾ പ്രസിദ്ധീകരിച്ചാൽ ബുക്കിംഗ് സ്വീകരിക്കാം
# ട്രെയിൻ സർവീസുകൾ നടത്തുകയാണെങ്കിൽ
റെയിൽവേ സ്റ്റേഷനിലേക്കും അവിടെ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്കും ബസ് സർവീസ് നടത്താം.
''എല്ലാപേർക്കും കാറില്ല. പാവങ്ങളുടെ മക്കൾക്കും പരീക്ഷ എഴുതണം. സർക്കാർ യാത്രാസൗകര്യം ഒരുക്കണം''
- മിനി, രക്ഷിതാവ്, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |