തിരുവനന്തപുരം: കതിരൂരിലെ ബോംബ് നിർമ്മാണം സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെയാണ് നടന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വലിയൊരു ആക്രമണം നടത്താനുള്ള കോപ്പുകൂട്ടലായിരുന്നു ബോംബ് നിർമ്മാണം. പ്രദേശത്തിനടുത്ത് ഒരു അസ്വാഭാവികമരണം നടന്നിട്ടുണ്ട്. അത് ആത്മഹത്യയല്ല എന്നാണ് കിട്ടുന്ന വിവരം. മരിച്ചയാളുടെ സംസ്കാരം പെട്ടെന്ന് തന്നെ നടത്തിയതിൽ ദുരൂഹതയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
സെക്രട്ടറിയേറ്റ് തീപിടിത്തതിൽ അന്വേഷണത്തിലൂടെ ഒരു സത്യവും പുറത്തു വരുമെന്ന് കരുതുന്നില്ല. സി.പി.എം അനുഭാവികളായ കുടുതൽ പേരെ അന്വേഷണ സംഘത്തിൽ കൊണ്ടുവന്നത് നേരത്തെ പ്രതീക്ഷിച്ച കാര്യമാണ്. ഒപ്പു വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. സത്യം പുറത്തു വരാൻ ഫോറൻസിക് പരിശോധന നടത്തട്ടേയെന്നും കെ.സുരേന്ദ്രൻ ആവർത്തിച്ചു.
മയക്കുമരുന്ന് കേസിലെ കണ്ണികൾ കേരളത്തിൽ ഉണ്ടെന്നറിഞ്ഞിട്ടും കേരള പൊലീസ് അന്വേഷണം നടത്തുന്നില്ല. സർക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇത് നൽകുന്ന സൂചന. ബിനീഷ് കോടിയേരിക്കും അനൂപ് മുഹമ്മദിനും വർഷങ്ങളുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് തെളിഞ്ഞു. എന്നാൽ മുഖ്യമന്ത്രി അതൊന്നും ഇവിടെ അന്വേഷിക്കേണ്ടതില്ലെന്ന നിലപാടിലാണ്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഒഴിഞ്ഞുമാറുന്നതെന്ന് വ്യക്തമാക്കണം.
സംസ്ഥാനത്ത് പലവട്ടം നിശാ പാർട്ടികൾ നടന്നു. ഇതിലൊന്നും അന്വേഷണം നടന്നിട്ടില്ല. മയക്കുമരുന്ന് കേസിൽ കേരളത്തിൽ കേസ് ഉടൻ രജിസ്റ്റർ ചെയ്യണം പൊലീസും നാർക്കോട്ടിക്ക് വിഭാഗവും അന്വേഷണം നടത്തണം. മയക്കുമരുന്ന് കേസിൽ സ്വന്തം പാർട്ടിക്കാരെയും സിൽബന്തികളെയും രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.ഉപതിരഞ്ഞെടുപ്പ് നേരിടാൻ ബി.ജെ.പി തയ്യാറാണ്. രണ്ട് മണ്ഡലത്തിലും വിജയ പ്രതീക്ഷയുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |