സങ്കടവും നിസഹായതയും ഭയവും നിറഞ്ഞ കൊവിഡ്കാലത്തെ പ്രതീക്ഷയോടെ നേരിട്ട ഡോക്ടറുടെ ജീവിതാനുഭവം...
ചെങ്ങന്നൂരിന് അടുത്തുള്ള മെഡിക്കൽ കോളേജിൽ ചില ഔദ്യോഗിക ചുമതലകൾ പൂർത്തിയാക്കിയ ശേഷം കൊച്ചി മെഡിക്കൽ കോളേജിൽ തിരികെയെത്തി ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഉണർന്നപ്പോൾ മുതൽ കടുത്ത തൊണ്ടവേദനയും തലവേദനയും മൂക്കടപ്പും. രോഗലക്ഷണങ്ങൾ പറഞ്ഞപ്പോൾ കൊവിഡ് നോഡൽ ഓഫീസറായ ഡോ. അരവിന്ദ് ആണ് പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചത്. എനിക്ക് ആശങ്കകൾ ഒന്നുമില്ലായിരുന്നു. കാരണം, രോഗം പിടിപെടാതിരിക്കാൻ എപ്പോഴും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും ആവശ്യമായ മുൻകരുതലുകൾ എല്ലാമെടുത്തിരുന്നു. വീട്ടിനു പുറത്തേക്കു പോകുന്നത് ആശുപത്രിയിൽ ജോലിക്കു പോകാൻ വേണ്ടി മാത്രമായിരുന്നു. ആരോഗ്യ പ്രവർത്തക എന്ന നിലയിൽ കഴിയുന്നത്ര സാമൂഹിക അവബോധം സൃഷ്ടിക്കാൻ വേണ്ട പരിശ്രമങ്ങളിൽ ഏർപ്പെടുക കൂടി ചെയ്തു. ആ വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ ഫോണിൽ ഡോ. അരവിന്ദ് വിളിച്ചു.''മാഡം, ടെസ്റ്റ് പോസിറ്റിവ് ആണ്""''അയ്യോ!""നടുങ്ങിപ്പോയി.
എന്റെ കാലുകൾ ദുർബലമാകുന്നതും കൈകൾ വിറയ്ക്കുന്നതും എനിക്ക് അനുഭവപ്പെട്ടു. കണ്ണിലാകെ ഇരുട്ട് കയറുന്നതു പോലെ. അരവിന്ദ് ഫോണിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും വ്യക്തമായില്ല. ഒരു നിമിഷം ഞാൻ പെട്ടെന്ന് ഈ ലോകത്ത് ഒറ്റയ്ക്കായതു പോലെ. ഇത്രയേറെ ശ്രദ്ധിച്ചിട്ടും എനിക്ക് ഇങ്ങനെ. എന്റെ കരച്ചിലിന് ശബ്ദമില്ലായിരുന്നു. അടുത്തിടെയാണ് ഹൃദയത്തിൽ സ്റ്റെന്റ് ഇട്ടത്. വൈറൽ രോഗ ബാധകൾ ഇടയ്ക്കിടയ്ക്ക് എനിക്ക് ഉണ്ടാകുന്നു എന്ന എന്റെ രോഗചരിത്രം എന്നെ കൂടുതൽ ആശങ്കയിൽ ആഴ്ത്തി. ഈ രോഗം എനിക്ക് നൽകിയേക്കാവുന്ന ആരോഗ്യപ്രതിസന്ധികളാണ് എന്നെ കൂടുതൽ ഭയപ്പെടുത്തിയത്. ഡോക്ടർമാരായ, മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്യുന്ന ഞാനും ഭർത്താവും തൊഴിൽപരമായ കാരണങ്ങളാൽ തന്നെ അസുഖബാധിതർ ആകാൻ സാദ്ധ്യതയുള്ളവരാണെന്ന് അറിയാവുന്നതുകൊണ്ടു തന്നെ സർക്കാരും ആരോഗ്യവകുപ്പും നിർദ്ദേശിച്ച മുൻകരുതലുകൾ ഞങ്ങൾ നന്നേ പാലിച്ചിരുന്നവരാണ്. എന്നിട്ടും രോഗം പിടിപ്പെട്ടത് മാനസികമായി ഏറെ തളർത്തി.
ആശുപത്രിയിൽ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുക എളുപ്പമായിരുന്നില്ല. കരച്ചിൽ ഒന്നടങ്ങിയിട്ടു വേണമല്ലോ ബാഗിൽ സാധനങ്ങൾ അടുക്കിവയ്ക്കാൻ. അതിനിടയിൽ മെഡിക്കൽ കോളജിൽ നിന്ന് കോളുകൾ വന്നു തുടങ്ങി. മുറി ഒഴിവില്ല. കുറച്ചുനേരം കാത്തിരിക്കേണ്ടി വരും. മുറി തയ്യാറാകുമ്പോൾ ഞങ്ങൾ വിളിക്കാം, അവർ പറഞ്ഞു. ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ പെട്ടുഴലുന്നതിന് ഇടയിൽ തന്നെ എല്ലാവരെയും എന്നിൽ നിന്ന് അകറ്റി നിറുത്തി, സങ്കടവും നിസഹായതയും ഭയവും എനിക്ക് ചുറ്റിലും പെരുകി കൊണ്ടിരുന്നു. ഒമ്പതരയോടെ റൂം റെഡി ആയിട്ടുണ്ടെന്നു ആശുപത്രിയിൽ നിന്നും അറിയിച്ചപ്പോൾ വീട്ടിൽ നിന്നിറങ്ങി. മക്കളെ ദൂരെ നിർത്തി മുൻവാതിൽ അടച്ചപ്പോൾ മനസിൽ ഒരാധി ഇരച്ചു കയറി. ഇനി എന്ത്, എങ്ങനെ ആകും എന്റെ തിരിച്ചുവരവ്. മനസ് പലതും ചിന്തിച്ചു കൂട്ടി. രാത്രി ഒമ്പതര മണിയോടെ ആശുപത്രിയിൽ എത്തുമ്പോൾ അമ്പരപ്പും സങ്കടവും അടങ്ങിയിരുന്നില്ല. ഒന്നര മാസം മുൻപാണ് ഒരു ഹൃദയ ചികിത്സ കഴിഞ്ഞു ഇവിടെ നിന്നു ഇറങ്ങിയത്. ജീവിതം, അതിന്റെ സ്വാഭാവിക ഹൃദയമിടിപ്പും താളവും വീണ്ടെടുത്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും വീണ്ടും തിരിച്ച് ഇവിടേയ്ക്ക് തന്നെ... സങ്കടം പിന്നെയും കരച്ചിലിലേക്ക് വഴിമാറി. ആശുപത്രിയിൽ എന്നെ കണ്ട മെഡിക്കൽ പിജി വിദ്യാർത്ഥികൾ ഓടി വന്നു രോഗവിവരങ്ങൾ തിരക്കി. ഒന്നും പേടിക്കാൻ ഇല്ലെന്ന് പറഞ്ഞ് അവർ സമാധാനിപ്പിച്ചു മടങ്ങി. ഇല്ല. ഒന്നും പേടിക്കാനില്ല. ഞാൻ എന്നെ തന്നെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇടനാഴിയിലേ ബെഞ്ചിൽ ഇരുന്നപ്പോൾ വിയർക്കുവാൻ തുടങ്ങിയിരുന്നു. അവിടെ ഇരുന്നാണ് ഏറെ പ്രതീക്ഷയുള്ള ആ കാഴ് ച കണ്ടത്. രോഗമുക്തരായ ആ ദമ്പതികൾ സന്തോഷത്തോടെ ആശുപത്രിയിൽ നിന്നു മടങ്ങുകയായിരുന്നു.
തൊട്ടു പിന്നാലെ ഒരു നാൽവർ സംഘം. ആശുപത്രി വാസം കഴിഞ്ഞു മടങ്ങിപ്പോവുകയാണ് അവരും. കോവിഡിനെ തോൽപ്പിച്ചു തന്നെയാണ് അവരും മടങ്ങുന്നത്. മനസിനെ ഒന്ന് ശാന്തമാക്കാൻ ആ കാഴ്ചകൾക്കായി. മെഡിക്കൽ വിദ്യാർഥിയായും പിന്നീട് അദ്ധ്യാപികയായും കഴിഞ്ഞ മുപ്പതിലേറെ വർഷം തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മുക്കും മൂലയും ചിരപരിചിതമായിരുന്നെങ്കിലും, ആദ്യമായി ഒറ്റയ്ക്ക് ആശുപത്രി മുറിയിൽ അതും ഈ രോഗാവസ്ഥയിൽ അകപ്പെടേണ്ടി വന്നത് വല്ലാത്ത അവസ്ഥയായിരുന്നു.ഈ ആശുപത്രി ബ്ലോക്കിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളവരിൽ ഏറിയ പങ്കും ആരോഗ്യ പ്രവർത്തകരാണ് എന്ന് ആരോ പറഞ്ഞു. ഡോക്ടർ ആയിരുന്നിട്ടു കൂടി കോവിഡ് പിടിപെട്ടപ്പോൾ എന്നിൽ ഇത്തരം വിവരണാതീതമായ ചിന്തകളും കുറ്റബോധവും അപകർഷതാ ബോധവും ഒക്കെ ഇടക്കിടക്ക് ഉയർന്നുവന്നു കൊണ്ടിരുന്നു. തിരുവനന്തപുരത്തെയും എറണാകുളത്തെയും മെഡിക്കൽ കോളേജുകളിൽ നിന്ന് ഡോക്ടർമാർ വിളിച്ചു. എന്റെ രോഗത്തിന്റെ ഉറവിടവും സമ്പർക്കപ്പട്ടിക തയ്യാറാക്കലും ആണ് ഉദ്ദേശ്യം. വിശദമായി തന്നെ എല്ലാ വിവരങ്ങളും പറഞ്ഞു. ഉണ്ടായിരുന്ന ഫോൺ നമ്പറുകളും നൽകി. അപ്പോഴേക്ക് ഇൻഫെക്ഷ്യസ് ഡിസീസസ് വകുപ്പിൽ നിന്ന് ഡോക്ടർ അരവിന്ദ് എത്തി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു എന്റെ ചികിത്സ. വിശദമായ പരിശോധനകൾക്കു ശേഷം ഒന്നും ഭയപ്പെടാനില്ല എന്നാശ്വസിപ്പിച്ചു.
ആദ്യത്തെ അമ്പരപ്പും സങ്കടവും ഭയവും ഒക്കെ ആശുപത്രിയിൽ എത്തിയപ്പോൾ മാറി തുടങ്ങിയിരുന്നു. പി.പി.ഇ കിറ്റിട്ട് എന്റെ മുന്നിൽ എന്നെ പരിചരിക്കുവാൻ വന്നവരൊക്കെ എന്റെ അദ്ധ്യാപകരും സഹപാഠികളും സുഹൃത്തുക്കളും വിദ്യാർഥികളും തന്നെയാണെന്നുള്ളത് ഏറെ ധൈര്യവും സുരക്ഷിതത്വവും നൽകി. ഇടക്കിടക്ക് മരുന്നു തരാനും പരിശോധനകൾക്കായി രക്തമെടുക്കുവാനും വരുന്ന ചുറുചുറുക്കുള്ള നഴ്സുമാരും എന്നും മൂന്നു തവണ മുറി വൃത്തിയാക്കുവാൻ വരുന്ന അറ്റൻഡർമാരും എന്റെ പകലുകളുടെ വിരസത ഒഴിവാക്കിയിരുന്നു. രാത്രികൾ എനിക്ക് പേടിയായിരുന്നു. പുറത്തെ റോഡിലെ തീക്ഷ്ണമായ വെളിച്ചവും ഇടക്കിടക്ക് കൊവിഡ് രോഗികളെയും കൊണ്ടു വരുന്ന ആംബുലൻസുകളുടെ ഇരമ്പലും എന്റെ ഉറക്കം മുറിച്ചു. രോഗ ബാധിതയാണ് എന്ന വിവരം ഫേസ്ബുക്കിലെഴുതി. രോഗികളോടുള്ള ആളുകളുടെ അകൽച്ച കുറയ്ക്കണം എന്ന നിശ്ചയം ആയിരുന്നു അതിനു കാരണം. ആ പോസ്റ്റിന്റെ പ്രതികരണം എന്നെ അമ്പരപ്പിച്ചു കളഞ്ഞു. പ്രാർത്ഥനകൾ എന്നെ തേടി എത്തി. എന്റെ ഫോണിൽ കാളുകളും മെസേജുകളും വന്നു നിറഞ്ഞു. സ്നേഹ പെരുമഴയിൽ മുങ്ങി ഞാൻ ഏകാന്തത മറന്നു.
ഇടക്ക് വെബിനാറുകളിൽ പങ്കെടുത്തും പാട്ടു കേട്ടും എഴുതിയും തിരക്കുകൾക്കിടയിലും എന്റെ അടുക്കലേക്കു ഓടിയെത്തുന്ന ഷീന സിസ്റ്ററിനോടും രശ്മി സിസ്റ്ററിനോടും കൊച്ചുവർത്തമാനം പറഞ്ഞും എന്റെ കൊറോണ കാലം ഞാൻ പതിയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഞാൻ കിടന്നിരുന്ന ആ ആശുപത്രി മുറിയോടും, അതിലെ പച്ച നിറമുള്ള ചുവരുകളോടും നീല വിരിയിട്ട കിടക്കയോടും മെറൂൺ നിറത്തിലെ ജനൽവിരിയോടും ജാലകത്തിനു അപ്പുറം നോട്ടമെത്തുമ്പോൾ കാണുന്ന റോഡിനോടും ഒക്കെ അടുപ്പം തോന്നി തുടങ്ങിയിരുന്നു.
ഇതുവരെ ശ്രദ്ധിക്കാത്ത ശബ്ദങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. രാവിലെ അഞ്ചര മുതൽ തുടങ്ങും റോഡിനപ്പുറത്തെ വീട്ടിലെ പൂവന്റെ കൂകൽ. പകൽ മുഴുവൻ അവൻ ഉച്ചത്തിൽ കൂകി കൊണ്ടേയിരിക്കും. സൂപ്പർ സ്പെഷ്യലിറ്റിയിലേക്കുള്ള റോഡിലൂടെ പോകുന്നവരെ നോക്കിയിരിക്കും. സുഹൃത്തുക്കളായ ഡോക്ടർമാരിൽ ചിലർ ഫുട്പാത്തിലൂടെ നടന്നു ജോലിക്കു പോകുന്നത് കാണുമ്പോൾ വിളിച്ചാലോ എന്നു തോന്നും. എന്നാൽ അങ്ങനെ ചെയ്യാൻ വിമുഖത ആയിരുന്നു. ആ കാഴ്ചയിൽ സംതൃപ്തി തോന്നിയ ഒന്നുണ്ടായിരുന്നു, എല്ലാവരും ശരിയായ രീതിയിൽ മാസ്ക് ധരിച്ചിരിക്കുന്നു എന്നത്. അങ്ങനെ ആശങ്കകൾ ഒക്കെ അകന്നു ഞാൻ ആശ്വസിക്കുവാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഏഴാം ദിവസം എന്റെ ലക്ഷണങ്ങൾ മാറിതുടങ്ങി. പനിയും ശ്വാസം മുട്ടലും തുടർ പരിശോധനകളും സ്കാനിംഗും ഒക്കെ വേണ്ടി വന്നു. രോഗ നിയന്ത്രണത്തിന് പുതിയ ചില മരുന്നുകൾ കഴിച്ചു. ഈ ദിവസങ്ങളിൽ രുചി അറിയുവാൻ വയ്യാതെ ആയി. വിശപ്പു കെട്ടു. പന്ത്രണ്ടാം ദിവസം ആന്റിജൻ നെഗറ്റീവായി. ഡിസ്ചാർജിന് ശേഷം ഒരാഴ്ച കൂടി റൂം ക്വാറന്റിനിൽ ആണ്. കൊവിഡിനോട് പൊരുതി ജയിച്ചെങ്കിലും ഇപ്പോഴും പഴയ ആരോഗ്യം വീണ്ടെടുത്തില്ല. ക്ഷീണം മാറി തുടങ്ങുന്നേയുള്ളൂ. എന്നാലും അഭിമാനമുണ്ട്, ഈ ക്ഷീണത്തെയും അതിജീവിച്ചേ മതിയാകൂ.
(ലേഖികയുടെ ഫോൺ: 9847460060)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |