സംവിധായകനും നടനുമാണ് ലാൽ.രണ്ടിലും ഒരുപോലെ തിളങ്ങി.ലാൽ സംസാരിക്കുന്നു
അഭിനയം സംവിധാനത്തിൽ താങ്കളെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?
ഞാൻ സംവിധാനം ചെയ്യുന്ന എല്ലാ സിനിമയുടെയും കഥയും തിരക്കഥയും എഴുതുന്നത് ഞാൻ തന്നെയാണ്. എന്താണ് ഒരു അഭിനേതാവിൽ നിന്ന് വേണ്ടതെന്നു എനിക്ക് കൃത്യമായി അറിയാം. എന്റെ എല്ലാ ചിത്രങ്ങളിലും മോശമല്ലാത്ത രീതിയിൽ തന്നെ അഭിനേതാക്കൾ തങ്ങളുടെ വേഷം അവതരിപ്പിച്ചിട്ടുണ്ട്. കലാഭവനിലെ സ്റ്റേജ് അനുഭവങ്ങൾ അതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്.പലപ്പോഴും ഞാൻ മനസിൽ കാണുന്നതിനും അപ്പുറമാണ് എന്റെ സിനിമയിലെ അഭിനേതാക്കളുടെ പ്രകടനം. പലപ്പോഴും പുതുമുഖങ്ങളായ നടീനടന്മാർ വരുമ്പോഴാണ് അഭിനയിച്ചു കാണിക്കേണ്ടി വരുന്നത്. ഒരു എഴുത്തുകാരനിൽ ഉറപ്പായും ഒരു അഭിനേതാവ് ഉണ്ടായിരിക്കണം. കാരണം നമ്മൾ കഥാപാത്രങ്ങൾക്ക് വേണ്ടി ഓരോ ഡയലോഗ് എഴുതുന്നതും മനസിൽ അഭിനയിച്ചു പറഞ്ഞിട്ടാണ്. അല്ലെങ്കിൽ അമ്മയ്ക്കും അച്ഛനും കാമുകനും എഴുതുന്ന സംഭാഷണങ്ങൾ ഒരേപോലെയായിപ്പോകും.
താങ്കളിലെ നടനെ എങ്ങനെ സ്വയം വിലയിരുത്തുന്നു?
ആദ്യ കാലങ്ങളിൽ ഞാൻ ചെയ്ത കളിയാട്ടത്തിലും കന്മദത്തിലും ഓർമ്മച്ചെപ്പിലുമെല്ലാം ഭ്രാന്തമായ മാനറിസങ്ങൾ കാണിക്കുന്ന വേഷങ്ങൾ ആയിരുന്നു. പിന്നീടു വന്ന പല കഥാപാത്രങ്ങളിലും അത്തരം ചില ആവർത്തനങ്ങൾ കാണാൻ കഴിയും. ഒരു നടനെന്ന നിലയിൽ ഏതു തരത്തിലുള്ള വേഷങ്ങൾ ചെയ്യാനും എനിക്കിഷ്ടമാണ്.എങ്കിലും ചുരുങ്ങിയ കാലംകൊണ്ട് തന്നെ ധാരാളം മികച്ച കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറെ വെല്ലുവിളി നേരിട്ടത് ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലെ റഷീദ് എന്ന കഥാപാത്രമാണ് . ഒരു മുറിക്കുള്ളിൽ മാത്രം ഒതുങ്ങി നിന്ന് അഭിനയിക്കുന്ന സീനുകളായിരുന്നു ഭൂരിഭാഗവും . കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ തന്നെ ഒരുപാട് കഷ്ടപ്പെട്ടു. അതുപോലെ തന്നെ ഏറെ ഇഷ്ടപ്പെട്ട മറ്റു രണ്ടു ചിത്രങ്ങളാണ് മധുപാൽ സംവിധാനം ചെയ്ത തലപ്പാവും ഒഴിമുറിയും . തലപ്പാവിലെ കോൺസ്റ്റബിൾ രവീന്ദ്രൻ പിള്ള എന്ന കഥാപാത്രം 2009ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി തന്നു . ഒഴിമുറിയിലെ അഭിനയത്തിന് ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും . ഒഴിമുറിയിലെ തിരുവനന്തപുരം ശൈലിയിലുള്ള ഭാഷയൊക്കെ പഠിച്ചെടുക്കാൻ ഒരുപാടു പ്രയാസപ്പെട്ടു .
ഒരു നടന് വേണ്ട ഏറ്റവും വലിയ ഗുണം എന്താണ്?
സംവിധായകന് മുന്നിൽ യാതൊരു ബലം പിടിത്തവുമില്ലാതെ ഒരു ഒഴിഞ്ഞ പാത്രം പോലെ നിന്നുകൊടുക്കുക . അനാവശ്യമായി കഥയിൽ ഇടപെടുക, സമയനിഷ്ഠ പാലിക്കാതിരിക്കുക എന്നിവ ഒരു നടന് ചേരുന്ന പ്രവൃത്തിയല്ല. ഞാൻ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലും കൃത്യ സമയത്ത് തന്നെ എത്താറുണ്ട്.
അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ടോ?
അഭിപ്രായങ്ങൾ പലപ്പോഴും തുറന്നു പറയാറില്ലെന്നതാണ് വാസ്തവം.പല സംവിധായകരും എന്നോട് കഥപറയാൻ വരാറുണ്ട്. ചിലപ്പോൾ ഒപ്പം നിർമ്മാതാവ് കൂടിയുണ്ടാകും.എത്രത്തോളം ബുദ്ധിമുട്ടിയിട്ടായിരിക്കും അയാൾ ആ നിർമ്മാതാവിനെ കണ്ടുപിടിച്ചിരിക്കുക.അതുകൊണ്ട് കഥ മോശമായാലും ഞാൻ അത് പറയാറില്ല. അങ്ങനെയുള്ള പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഞാൻ അഭിനയിക്കാത്തതുകൊണ്ട് ഒരു ചിത്രം മുടങ്ങുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. പണ്ട് ഞാനും സിദ്ധിക്കും നിർമ്മാതാവിനെ കിട്ടാനായി കഷ്ടപ്പെട്ടതൊന്നും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ലല്ലോ. എന്റെ നന്മയും തിന്മയും നോ പറയാനുള്ള മടിയാണ്.
ഏത് കാലഘട്ടമാണ് ഓർക്കാൻ ഇഷ്ടപ്പെടുന്നത്?
ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് കലാഭവനിലെ ആ പഴയ മിമിക്രി കാലമാണ്. കഷ്ടപാടിന്റെയും ഇല്ലായ്മയുടെയും കാലമായിരുന്നു അത്. അന്നത്തെ തമാശകൾ പറഞ്ഞു ഇന്നും ഒരുപാട് ചിരിക്കാറുണ്ട്.
സിദ്ധിക്കുമായി വേർപിരിയേണ്ടി വന്നതിൽ കുറ്റബോധമുണ്ടോ?
ഒരിക്കലുമില്ല. കൃത്യസമയത്തു തന്നെയായിരുന്നു വേർപിരിയൽ.അതു കൊണ്ട് ഞങ്ങൾ രണ്ടാൾക്കും നല്ലതേ സംഭവിച്ചിട്ടുള്ളൂ. ഞാൻ നടനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി . സിദ്ധിക്ക് മലയാളത്തിനു പുറമേ ഹിന്ദിയിലും തമിഴിലും സൂപ്പർ ഹിറ്റുകളൊരുക്കി .
ഇൻ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗം വേണ്ടത്ര വിജയമായിരുന്നോ?
ഇരുപത്തിയെട്ടു വർഷം മുൻപ് ചെയ്ത സിനിമയാണ് ഇൻ ഹരിഹർ നഗർ. ആദ്യഭാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം ഭാഗത്തിന്റെ കഥ നന്നായില്ലെന്നാണ് അഭിപ്രായം. പുതിയ കാലത്തിനനുസരിച്ച് കഥ പറയുമ്പോൾ വേണ്ട ചില മാറ്റങ്ങൾ അതിലുണ്ട്. ചിത്രം വിജയമായിരുന്നെങ്കിലും ആദ്യ ഭാഗം പോലെ വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ചില്ല. മൂന്നാം ഭാഗമായ ഇൻ ഗോസ്റ്റ് ഹൗസ് ഭേദപ്പെട്ട വിജയത്തിലൊതുങ്ങി. വളരെ പെട്ടെന്നാണ് രണ്ടു ഭാഗങ്ങളുടെയും കഥകൾ എഴുതിയത്.അതിന്റേതായ പാളിച്ചകൾ അതിലുണ്ട് .
പുതിയ തിരക്കഥാകൃത്തുക്കളെ എങ്ങനെ വിലയിരുത്തുന്നു?
ഒരുപാട് പ്രതീക്ഷയുള്ള എഴുത്തുകാർ ഇന്ന് മലയാളസിനിമയിലുണ്ട്. കഥ കേൾക്കുന്ന സമയത്ത് വലിയ ഇഷ്ടം തോന്നില്ലെങ്കിലും സ്ക്രീനിൽ വരുമ്പോൾ അത് അദ്ഭുതപ്പെടുത്തുന്ന സിനിമകളായി മാറാറുണ്ട്. മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്സാക്ഷിയും, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളെല്ലാം കണ്ടാൽ നമുക്ക് മനസിലാകും ഇന്നത്തെ എഴുത്തിന്റെയും സംവിധാനതിന്റെയും നിലവാരം എത്രത്തോളം ഉയരത്തിലാണെന്ന്. നമ്മുടെയൊക്കെ കാലത്താണ് നല്ല തിരക്കഥകൾ വരുന്നതെന്നും ഇന്ന് എല്ലാം മോശമാണെന്നും പറയുന്ന വയസൻ കോംപ്ലക്സൊന്നും എനിക്കില്ല.
നടിയെ ആക്രമിച്ച സംഭവത്തിൽ താങ്കളുടെ പേര് വലിച്ചിഴച്ചല്ലോ?
അക്കാര്യത്തിൽ സത്യസന്ധമായ നിലപാടുകൾ മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ.ചില മാദ്ധ്യമങ്ങൾ അതിനെ വക്രീകരിച്ചു മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. ദിലീപ് ഇത് ചെയ്തെന്നോ ഇല്ലെന്നോ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കറിയാവുന്നത് ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് രാത്രി വീട്ടിലേക്ക് കയറി വന്നു പറഞ്ഞ സംഭവങ്ങൾ മാത്രമാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ അപ്പോൾ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടർന്ന് നടന്ന നിലവാരശൂന്യമായ ചർച്ചകളിലൊന്നും എനിക്ക് പങ്കില്ല.
സിനിമാ ജീവിതത്തിൽ മമ്മൂട്ടിയുടെ സ്വാധീനത്തെക്കുറിച്ച് ?
മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന നിലയിൽ ഞാൻ എത്തില്ലായിരുന്നു. കലാഭവനിൽ മിമിക്രി അവതരിപ്പിച്ചു നടക്കുന്ന കാലം മുതൽ മമ്മൂട്ടി ഞങ്ങളുടെ വലിയ ആരാധകനായിരുന്നു.ഒരിക്കൽ ആലപ്പുഴയിൽ ഞങ്ങളുടെ പ്രോഗ്രാം കാണാൻ ഫാസിൽ സാറിനെ വിളിച്ചുകൊണ്ടു വരുന്നത് മമ്മൂട്ടിയാണ്. പ്രോഗ്രാം കഴിഞ്ഞതിനു ശേഷം മമ്മൂട്ടിയും ഫാസിൽ സാറും സ്റ്റേജിനു പിറകിൽ വന്നു ഞങ്ങളെ അഭിനന്ദിച്ചു. അന്നുമുതലാണ് ഞങ്ങളും ഫാസിൽ സാറും തമ്മിൽ പരിചയമാകുന്നത്.അങ്ങനെയാണ് സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |