കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനി ഇടപാടുകൾ ദുരൂഹമാണെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2015ൽ ബംഗളൂരുവിൽ ബിനീഷ് കോടിയേരി തുടങ്ങിയ മണി എക്‌സ്‌ചേഞ്ച് കമ്പനിയുടെ രേഖകൾ ഫിറോസ് പുറത്ത് വിട്ടു.
മയക്കുമരുന്ന് കേസിലെ പ്രതികളിൽ പലരും ഇടപാടുകൾ ഗോവയിലാണ് നടത്തിയതെന്ന് മൊഴി നൽകിയിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന വിദേശ കറൻസി മാറാനാണോ ഈ സ്ഥാപനം തുടങ്ങിയതെന്ന് അന്വേഷിക്കണം. ബി.ജെ.പി ഭരിക്കുമ്പോൾ സി.പി.എം നേതാവിന്റെ മകന് എളുപ്പത്തിൽ മണി എക്സ്ചേഞ്ച് കമ്പനി ആരംഭിക്കാൻ സാദ്ധ്യമല്ല. ഇത്തരത്തിലൊരു ലൈസൻസ് എങ്ങനെയാണ് കിട്ടിയതെന്ന് അന്വേഷിക്കണം.
മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്കുള്ള പങ്ക് കൂടുതൽ വ്യക്തമായിരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് ഞാൻ മാത്രമല്ല പലരും ഹോട്ടൽ തുടങ്ങാൻ അനൂപ് മുഹമ്മദിന് പണം കടം കൊടുത്തിട്ടുണ്ടെന്നാണ്. എന്നാൽ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സഹായത്തോടെയാണ് റെസ്‌റ്റോറന്റ് തുടങ്ങിയതെന്നാണ് അനൂപിന്റെ മൊഴി. ഇപ്പോൾ പുറത്തു വരുന്നത് അദ്ദേഹം തന്റെ രണ്ടാമത്തെ ഫോൺ കത്തിച്ചു കളഞ്ഞുവെന്നാണ്. ഇക്കാര്യത്തിലും ഗൗരവമായ അന്വേഷണം നടത്തിയാൽ ജൂലായ് 10 ലെ ഫോൺവിളികളിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തു വരുമെന്ന് പി. കെ ഫിറോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |