പന്തളം: കൊവിഡ് ബാധിച്ച ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സമഗ്ര അന്വേഷണ നടത്തണമെന്നാവശ്യപ്പെട്ട് കൊവിഡ് കെയർ സെന്ററായ അർച്ചന ഹോസ്പിറ്റലിന് മുമ്പിൽ കോൺഗ്രസ്സ് പ്രതിഷേധ സമരം നടത്തി. ക്രിമിനൽ പശ്ചാത്തലമുള്ളയാളെ ആംബുലൻസ് ഡ്രൈവറായി നിയമിച്ചതിന്റെ പശ്ചാത്തലം അന്വേഷിക്കണമെന്നും ആംബുലൻസ് ഡ്രൈവറോടൊപ്പം ആരോഗ്യ പ്രവർത്തകയും ഉണ്ടാകണമെന്ന സർക്കാർ നിർദ്ദേശം പാലിക്കാതെ പോയതനെ കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും ആന്റോ ആന്റണി എം.പി. സമരം ഉദ്ഘാടനം ചെയ്തുകൊണ്ടാവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി. നിർവ്വാഹകമ്പമിതി അംഗങ്ങളായ തോപ്പിൽ ഗോപകുമാർ , അഡ്വ.കെ പ്രതാപൻ, ജില്ലാ സെക്രട്ടറിമാരായ കെ.എൻ അച്ചുതൻ, ഏഴംകുളം അജു , പഴകുളം ശിവദാസൻ, പന്തളം മഹേഷ്, രഘു പെരുംപുളിക്കൽ, മഞ്ജു വിശ്വനാഥ് . സുനിതാ വേണ, ആനി ജോൺ തുണ്ടിൽ ,ജി.അനിൽ കുമാർ, രാജേന്ദ്രപ്രസാദ്, കെ.എൻ.രാജൻ, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.
മഹിളാമോർച്ച മാർച്ച് നടത്തി
പത്തനംതിട്ട: കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡനത്തിനിര യാക്കിയതിൽ പ്രതിഷേധിച്ച് മഹിളാമോർച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് അനിൽ ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മീന എം. നായർ അദ്ധ്യക്ഷയായിരുന്നു.
ഡി.എം.ഒ ഒാഫീസ് ഉപരോധിച്ചു
പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ് രോഗിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് യുവമോർച്ചയും ബി.ജെ.പിയും പത്തനംതിട്ട ഡി.എം.ഒ ഓഫീസ് ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് ഉപരോധം
പത്തനംതിട്ട: കൊവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഡി.എം.ഒ ഓഫീസ് ഉപരോധിച്ചു. കൊവിഡ് രോഗിയായ യുവതിക്കൊപ്പം ആരോഗ്യപ്രവർത്തകരെ അയയ്ക്കാത്തത് ഡി.എം.ഒ യുടെ അനാസ്ഥയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ഷിജു തോട്ടപ്പുഴശേരി, അഖിൽ അഴൂർ, അഫ്സൽ വി.ഷേക്ക്, അഭിജിത്ത് സോമൻ എന്നിവർ നേതൃത്വം നൽകി.
അടൂരിൽ വൻ കോൺഗ്രസ് പ്രതിഷേധം
അടൂർ: കൊവിഡ് ബാധിച്ച പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ഇടയാക്കിയത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് അടൂരിൽ നാലുമണിക്കൂറോളം കോൺഗ്രസ് പ്രതിഷേധം . ആദ്യം ആശുപത്രി കവാടത്തിലും തുടർന്ന് റോഡ് ഉപരോധത്തിലേക്കും പ്രതിഷേധം വഴിമാറി. എം. സി റോഡിലെ ഗതാഗതം തടസ്സപ്പെട്ടതോടെ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച പ്രതിഷേധം അവസാനിച്ചത് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്. മഴ ശക്തി പ്രാപിച്ചിട്ടും പ്രവർത്തകർ റോഡിൽ തന്നെ കുത്തിയിരുന്ന് സർക്കാരിനും ആരോഗ്യവകുപ്പ് മന്ത്രിക്കുമെതിരെ മുദ്രാവാക്യം മുഴക്കി.സമരം മൂന്നര മണിക്കൂർ പിന്നിട്ടപ്പോൾ ആന്റോ ആൻറണി എം.പി എത്തി സമരം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, രാഹുൽ മാങ്കൂട്ടം, പന്തളം പ്രതാപൻ, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു ,മണ്ണടി പരമേശ്വരൻ, പഴകുളം ശിവദാസൻ, ബാബു ദിവാകരൻ, അഡ്വ.ബിജു വർഗ്ഗീസ്, ഷിബു ചിറക്കരോട്ട്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്, സംസ്ഥാന കമ്മറ്റിയംഗം ഗീതാചന്ദ്രൻ,അംജിത്ത് അടൂർ, എസ്. ബിനു, ഉമ്മൻ തോമസ്, കമറുദ്ദീൻ മുണ്ടുതറയിൽ, ഗോപു കരുവാറ്റ, സാലു ജോർജ്, റീനാ ശാമുവേൽ, അഡ്വ. ഡി. രാജീവ്, റിനോ.പി.രാജൻ, അച്യുതൻ എന്നിവർ പ്രസംഗിച്ചു.പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയ വാക്ക് തർക്കവും ഉണ്ടായി. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് അടൂരിൽ മാർച്ചും പ്രതിഷേധജ്വാലയും നടക്കും. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |