SignIn
Kerala Kaumudi Online
Friday, 26 February 2021 9.21 PM IST

കോടതിയും അഭിപ്രായ സ്വാതന്ത്ര്യവും

supreme-court

ജനാധിപത്യ ഭരണ സംവിധാനം കുറ്റമറ്റതാകണമെങ്കിൽ ആ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായിഭരണ, നിയമ നിർമ്മാണ, നീതിന്യായ സംവിധാനങ്ങൾ പ്രവർത്തിക്കണം. ഭരണ നിർവഹണത്തിൽ വരുന്ന പാളിച്ചകൾ, വീഴ്ചകൾ, പോരായ്മകൾ തുടങ്ങിയവയെ വേണ്ടവിധം പരിശോധിച്ച് ഇല്ലാതാക്കിയും, നിയമ നിർമ്മാണ സഭ പാസാക്കുന്ന നിയമങ്ങൾ ഭരണഘടന നിഷ്കർഷിച്ചിരിക്കുന്ന സംരക്ഷണങ്ങൾക്കും അവകാശങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാകാതെ പരിരക്ഷിച്ചും പൗരന് സംരക്ഷണം നൽകുന്നത് നീതിന്യായപീഠങ്ങളാണ്.

സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിക്കുന്ന ചില വിധികൾ വിമർശനത്തിന് വിധേയമാക്കുക പതിവാണ്. നീതിനിർവഹണത്തിൽ വീഴ്ചയും പോരായ്മകളും വന്നാൽ പൊതുവിമർശനം അനിവാര്യമാണ്. ആരോഗ്യപരവും യുക്തിസഹജവും ന്യായയുക്തവും മിതവുമായ വിമർശനങ്ങൾ കോടതികളുടെ പ്രവർത്തനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. അങ്ങനെയുള്ള പൊതുവിമർശനങ്ങൾ സുപ്രീംകോടതിയുൾപ്പെടെയുള്ള കോടതികൾ സ്വാഗതം ചെയ്യുകയാണ് പതിവ്. എന്നാൽ ജഡ്ജിമാർക്കെതിരെയുള്ള ദുരാരോപണങ്ങൾ, മനഃപൂർവമായി നീതിന്യായ സംവിധാനത്തെ തകർക്കുവാനും തടസപ്പെടുത്തുവാനുമുള്ള ശ്രമങ്ങൾ, കോടതിയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുവാനുള്ള ഉദ്ദേശ്യത്തോടെയുള്ള അഭിപ്രായപ്രകടനങ്ങൾ എന്നിവയെല്ലാം കോടതികൾക്ക് അവഹേളനമായും, ജനത്തിന് കോടതികളിൽ ഉള്ള വിശ്വാസം നഷ്ടമാകുന്നതിനുള്ള അവസ്ഥ സംജാതമാക്കുന്നതിനും ഇടവരുത്തും. ആയതിനാൽ കോടതികൾ അത്തരം സംഭവങ്ങൾ വളരെ ഗൗരവമായി എടുക്കുകയും, കോടതിയലക്ഷ്യങ്ങൾക്കുള്ള നടപടികൾ ആരംഭിക്കുകയുമാണ് പതിവ്.

സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം കോടതിയലക്ഷ്യത്തെപ്പറ്റി ഒരു വിശാല നിയമം നിലവിൽ വന്നത് 1971-ലെ ദി കൺടംപ്റ്റ് ഒഫ് കോർട്ട്സ് ആക്ട് പ്രാബല്യത്തിലായതോടെയാണ്. പ്രധാനമായും രണ്ട് രീതിയിലുള്ള കോർട്ടലക്ഷ്യങ്ങളാണ് നിയമത്തിലുള്ളത് - സിവിൽ കൺടെംപ്‌റ്റും ക്രിമിനൽ കൺടെംപ്‌റ്റും. കോടതി ആജ്ഞകൾ ദുരുദ്ദേശത്തോടെ മനഃപൂർവം അനുസരിക്കാതിരിക്കൽ, കോടതി ഉത്തരവുകൾ അതിന്റെ പൂർണാർത്ഥത്തിൽ നടപ്പിലാക്കാതിരിക്കൽ, കോടതിയിൽ നൽകിയ വാഗ്ദാനം മനഃപൂർവം പ്രാവർത്തികമാക്കാതിരിക്കൽ തുടങ്ങിയവയാണ് സിവിൽ കൺടെംപ്റ്റായി പരിഗണിക്കുന്നത്. ക്രിമിനൽ കൺടെംപ്റ്റിൽ പ്രധാനമായി വരുന്നത് വാക്കാലോ, എഴുത്താലോ, അടയാളം കൊണ്ടോ മറ്റേതെങ്കിലും മാർഗത്തിലോ കോടതിയെ അപകീർത്തിപ്പെടുത്തുന്ന അല്ലെങ്കിൽ അപകീർത്തിപ്പെടുത്തുവാൻ പ്രേരകമാകുന്ന ഏതു പ്രസിദ്ധീകരണവും, കൂടാതെ ന്യായാധിപനെ ആക്രമിക്കുക, അപമാനിക്കുക, അവഹേളിക്കുക, കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ പക്ഷപാതപരമായി അഭിപ്രായം പറയുക, നിയമാനുസരണമായ കോടതി വിചാരണയെ തടസപ്പെടുത്തുക, കോടതി നടപടികളെ അധിക്ഷേപിക്കുക എന്നിവയെല്ലാമാണ്. ഒരു ലേഖനത്തിൽ ഒരു ന്യായാധിപനെ ന്യായാധിപൻ എന്നുള്ള നിലയിൽ അദ്ദേഹത്തിന്റെ സ്വഭാവത്തെയോ, പ്രവർത്തിയേയോ അനുചിതവും ആഭാസകരവുമായി വിമർശിച്ചാൽ അത് കോടതിയുടെ അന്തസിനെ ബാധിക്കുന്നതുകൊണ്ട് കോടതിയലക്ഷ്യമായി പരിഗണിക്കപ്പെടാം. അതേസമയം ന്യായയുക്തവും വിനയത്വവുമുള്ള മിതഭാഷയിൽ കാര്യകാരണങ്ങൾ സഹിതം ആരോഗ്യപരമായ വിമർശനങ്ങൾ അനുവദനീയമാണ്.

കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുന്നത് കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ഒരു നോട്ടീസ് ബന്ധപ്പെട്ട കോടതി നൽകിക്കൊണ്ടാണ്. അയാൾ നൽകുന്ന വിശദീകരണം കോടതിക്ക് ബോദ്ധ്യപ്പെട്ടാൽ കേസ് അവിടെവച്ച് അവസാനിപ്പിക്കുകയാണ് പതിവ്. അതല്ല, തന്റെ മനഃപൂർവമല്ലാത്ത വീഴ്ച കൊണ്ട് സംഭവിച്ചുപോയതാണ്, അതിൽ ഉത്തമവിശ്വാസത്തിലുള്ള നിരുപാധികമായ മാപ്പ് അപേക്ഷിച്ചാൽ കോടതി കാര്യഗൗരവമനുസരിച്ച് മാപ്പപേക്ഷ സ്വീകരിക്കുന്നതാണ് കോടതിയലക്ഷ്യ വിചാരണയിൽ പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞാൽ 6 മാസം വരെ വെറും തടവും അല്ലെങ്കിൽ 2000 രൂപ വരെ പിഴയും അതുമല്ലെങ്കിൽ രണ്ടും കൂടിയോ നൽകാവുന്നതാണ്.

കോടതിയലക്ഷ്യ നടപടികളെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ വളരെക്കാലമായി നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഒരു വിധിന്യായത്തെ ആരോഗ്യപരമായി വിമർശിക്കാൻ ഒരു പൗരന് സ്വാതന്ത്ര്യവുമുണ്ട്.

പക്ഷേ, ആ വിധി എഴുതിയ ന്യായാധിപന് മനഃപൂർവം അപകീർത്തി ഉണ്ടാക്കുവാനുള്ള വ്യക്തിഹത്യയും വിമർശനങ്ങളും പ്രസ്താവനകളും അനുവദനീയമല്ല.

നിലവിലുള്ള നമ്മുടെ സാഹചര്യത്തിൽ കോടതിയലക്ഷ്യമാകുന്ന വിമർശനങ്ങളും ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും രണ്ടായി കാണുന്നതാണ് ഭേദമെന്ന് തോന്നുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COURT, FREEDOM OF SPEECH
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.