SignIn
Kerala Kaumudi Online
Thursday, 19 February 2026 4.34 AM IST

മുനമ്പം ജനതയ്ക്ക് താൽക്കാലിക ആശ്വാസം; ഭൂനികുതി  സ്വീകരിക്കാൻ സർക്കാരിന് അനുമതി

Increase Font Size Decrease Font Size Print Page
high-court-

കൊച്ചി: എറണാകുളം മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹെെക്കോടതി അനുമതി നൽകി. കേസിൽ അന്തിമ വിധി വരുന്നതുവരെ താൽക്കാലിക അടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

ഭൂനികുതി സ്വീകരിക്കാൻ റവന്യു അധികൃതർക്ക് നിർദേശം നൽകാൻ ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ ഉൾപ്പടെയുള്ള ഹർജിയാണ് കോടതിയുടെ മുൻപാകെയുള്ളത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്ന് ഭൂസംരക്ഷണ സമിതി ഉൾപ്പടെ നൽകി ഹർജികൾ നേരത്തെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജസ്റ്റിസ് സി ജയചന്ദ്രൻ ഇന്ന് ഇക്കാര്യത്തിൽ ഇടക്കാല നിർദേശം നൽകിയത്.

എറണാകുളം മുനമ്പത്തെ തർക്കഭൂമി ദൈവത്തിന് സമർപ്പിക്കപ്പെട്ട വഖഫ് സ്വത്തല്ലെന്നാണ് അന്ന് ഹൈക്കോടതി അറിയിച്ചത്. ഇഷ്ടദാന ആധാരപ്രകാരം 1950ൽ കൈമാറിയ ഭൂമിയാണിത്. 69 വർഷത്തിന് ശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഹെെക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു വിധി.

50കളിൽ അബ്ദുൾ സത്താർ സേട്ട് കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്മെന്റിന് കൈമാറിയ 404 ഏക്കർ ഭൂമിയാണ് മുനമ്പത്തേത്. വ്യവസ്ഥകൾ മറികടന്ന് ഫാറൂഖ് മാനേജ്മെന്റ് ഭൂമി പലർക്കും വില്പന നടത്തി. കടൽകയറ്റത്തെ തുടർന്ന് 114 ഏക്കറാണ് അവശേഷിക്കുന്നത്. 600 കുടുംബങ്ങളാണ് ഇവിടെ കുടിയിറക്ക് ഭീഷണിയിലുള്ളത്. 2019 മേയ് 20ന് ഇതിനെ വഖഫ് സ്വത്തായി പ്രഖ്യാപിച്ച് ഏറ്റെടുക്കാൻ വഖഫ് ബോർഡ് ശ്രമം നടത്തിയപ്പോഴാണ് പ്രക്ഷോഭം തുടങ്ങിയത്.

TAGS: MUNAMBAM, HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY