മുംബയ്: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ സുശാന്തിന്റെ കാമുകിയായിരുന്ന നടി റിയാ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ആറുമണിക്കൂറാണ് നടിയെ ചോദ്യംചെയ്തത്. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനുവേണ്ടിയാണ് ഇന്നത്തെ ചോദ്യംചെയ്യൽ.
ഇന്നലത്തെ ചോദ്യംചെയ്യലിൽ റിയ കുറ്റസമ്മതം നടത്തിയിരുന്നു. സുശാന്തിന് ലഹരി മരുന്ന് ലഭിച്ചിരുന്നു എന്ന് അറിയാമായിരുന്നുവെന്ന് റിയ സമ്മതിച്ചതായാണ് റിപ്പോർട്ട്. തന്റെ സഹോദരൻ ഷോവിക്ക് ചക്രബർത്തിക്കും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയ്ക്കും മയക്കുമരുന്നു കടത്തുകാരുമായി ബന്ധമുണ്ടായിരുന്നെന്നും അവർക്ക് എവിടെ നിന്ന് എങ്ങനെ മരുന്നുകൾ ലഭിക്കുന്നു എന്നതടക്കമുളള വിവരങ്ങൾ തനിക്കറിയാമായിരുന്നുവെന്നും റിയ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. മാർച്ച് 17 മുതൽ സാമുവൽ മിറാൻഡ മയക്കുമരുന്ന് ഡീലർ സയിദിൽ നിന്ന് ലഹരിമരുന്നുകൾ വാങ്ങിയതായും താരം സമ്മതിച്ചിട്ടുണ്ട്. താൻ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിന്റെ ആവശ്യപ്രകാരമാണ് കഞ്ചാവ് വാങ്ങിച്ചതെന്നും റിയ മൊഴി നൽകി.
നേരത്തേ നടത്തിയ ഡ്രഗ് ചാറ്റുകളെല്ലാം ശരിയാണെന്നും സഹോദരൻ വഴിയാണ് സുശാന്തിന് മരുന്നുകൾ എത്തിച്ചതെന്നും റിയ ചോദ്യംചെയ്യലിൽ പറഞ്ഞു. ഇതോടൊപ്പം അറസ്റ്റിലായ ഡ്രഗ് ഡീലർ ബാഷിതിൽ നിന്നും ഷോവിക്ക് മരുന്ന് വാങ്ങിയിരുന്നതായും ഇയാൾ ഒരു തവണ തങ്ങളുടെ വീട്ടിൽ വന്നിരുന്നതായും നടി സമ്മതിച്ചു. ഷോവിക്കിനെയും മിറാൻഡയെയും വെളളിയാഴ്ച നർക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്തിനെയും അറസ്റ്റ് ചെയ്തു.
അതിനിടെ നടിയെ ന്യായീകരിച്ച് അഭിഭാഷകൻ രംഗത്തെത്തി. റിയ തെറ്റുകാരിയല്ലെന്നും അറസ്റ്റിന് തയാറാണെന്നും അറിയിച്ച് താരത്തിന്റെ അഭിഭാഷകൻ സതീഷ് മനേഷിൻഡ പ്രസ്താവനയിറക്കുകയായിരുന്നു. സ്നേഹിച്ചതിന്റെ പേരിലാണ് റിയ വേട്ടയാടപ്പെടുന്നത്. സ്നേഹിക്കുന്നത് തെറ്റാണെങ്കിൽ റിയ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്നും സതീഷിന്റെ പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |