തലശ്ശേരി: സബ്കളക്ടറായി ചുമതലയേറ്റ ഹരിയാന സോനിപത്തിൽ നിന്നുള്ള അനുകുമാരിയുടെ തലശ്ശേരിയിലേക്കുള്ള യാത്ര അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥ കൂടിയാണ്. ഒരു കാര്യത്തെ നാം കൂടുതലായി ആഗ്രഹിച്ചാൽ അത് സഫലീകരിക്കാൻ ഈ ലോകം നമ്മോട് കൂടെ നിൽക്കും എന്നത് ജീവിതം കൊണ്ട് തെളിയിക്കുകയാണ് അവർ. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പഠനത്തിലെ മികവ് തിരിച്ചറിഞ്ഞ അദ്ധ്യാപകർ സിവിൽ സർവീസ് എന്ന സ്വപ്നത്തിന് അനുകുമാരിയിൽ വിത്ത് പാകി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി ഹിന്ദു കോളേജിൽ ബി.എസ്.സി ഫിസിക്സും നാഗ്പൂരിൽ എം.ബി.എ യും പൂർത്തിയാക്കി.
സ്വകാര്യ കമ്പനിയിലെ ജോലിക്ക് കയറിയെങ്കിലും ഭൂരിഭാഗം പെൺകുട്ടികളെയും പോലെ വിവാഹത്തിലേക്കും കുടുംബ ജീവിതത്തിലേക്കും ശ്രദ്ധ തിരിക്കാൻ അനുവും നിർബന്ധിതയായി. സ്വപ്നങ്ങൾക്ക് ചെറിയ ഒരു ഇടവേള നൽകിയെങ്കിലും കുട്ടിക്കാലം മുതൽക്കെ താൻ മനസിൽ കൊണ്ടു നടന്ന സിവിൽ സർവ്വീസ് മോഹം ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. പിതാവ് ബൽജിത് സിംഗും അമ്മ സന്തരോദേവിയും എല്ലാറ്റിനും കൂട്ടായി കൂടെ നിന്നു. ബിസിനസ്സുകാരനായ ഭർത്താവ് വരുൺദഹിയയും അദ്ദേഹത്തിന്റെ കുടുംബവും അനുവിന് സമ്പൂർണ്ണ പിന്തുണ നൽകി.
മകൻ വിയാന് രണ്ടര വയസ്സായപ്പോൾ കുഞ്ഞിനെ തന്റെ അമ്മയെ ഏൽപ്പിച്ച്, ഉണ്ടായിരുന്ന ഉയർന്ന ജോലി ഉപേക്ഷിച്ച് പഠനം പുനരാരംഭിച്ചു. വർഷങ്ങൾ നൽകിയ ഇടവേള പഠനത്തെ ബാധിക്കുമോ എന്ന ആശങ്കയൊക്കെയും ഇവരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വഴിമാറി. ഒപ്പം, കുടുംബത്തിന്റെ പിന്തുണയും കരുത്തായി. ആദ്യശ്രമത്തിൽ ഒരുമാർക്കിനു അവസരം നഷ്ടമായപ്പോൾ, ഉള്ള ജോലി ഉപേക്ഷിച്ചതിൽ ആശങ്കയുണ്ടായിരുന്നു. പിന്മാറരുതെന്ന് പറഞ്ഞ് സഹോദരനും അമ്മാവനും നൽകിയ പിന്തുണയാണ് രണ്ടാം വട്ടം ശ്രമിക്കാൻ കാരണമായതെന്ന് അനു പറയുന്നു. 2018ലെ ആ അവസരത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് എന്ന സ്വപ്നത്തിലേക്ക് അവർ നടന്നു കയറി. ഒരു വർഷം തിരുവനന്തപുരത്ത് അസിസ്റ്റന്റ് കളക്ടർ ആയിരുന്നു.
........................................................................
"സിവിൽ സർവ്വീസ് എന്ന ലക്ഷ്യത്തിലേക്ക് വീണ്ടും പ്രയാണമാരംഭിച്ചപ്പോൾ തന്റെ മുന്നിൽ തെളിഞ്ഞ ഒരു പാട് പക്ഷേകൾക്കുള്ള മറുപടി കൂടിയാണ് ഐ.എ.എസ് എന്ന മൂന്നക്ഷരം. ജീവിത വഴിയിലെ അതിജീവന പാഠങ്ങൾ തന്റെ കർമ്മവഴിയിലും കരുത്താകും എന്ന് തന്നെയാണ് വിശ്വാസം."
അനുകുമാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |