തിരുവനന്തപുരം: ചന്ദ്രനിൽ ഇന്ത്യൻ സ്പർശമെത്തിക്കാൻ ചന്ദ്രയാൻ വീണ്ടും കുതിക്കും. മാർച്ച് മാസത്തിനകം.ചന്ദ്രയാൻ-3 വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഐ.എസ്,ആർ.ഒ വൃത്തങ്ങൾ സൂചിപ്പിച്ചു. ചെയർമാൻ ഡോ.കെ.ശിവൻ ഉടൻ വിക്ഷേപണത്തിയതി പ്രഖ്യാപിക്കും.
ചന്ദ്രന്റെ മണ്ണിൽ ഇന്ത്യൻ യന്ത്രത്തെ ചലിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടിട്ട് ഇന്നലെ ഒരു വർഷം തികഞ്ഞു. നിറയെ കാമറകളും നിരീക്ഷണ ഉപകരണങ്ങളുമായി ചന്ദ്രനെ ചുറ്റുന്ന ഒാർബിറ്റർ, ചന്ദ്രനിലിറങ്ങുന്ന വിക്രം ലാൻഡറെന്ന പേടകം, പേടകത്തിനുളളിൽ നിന്ന് ചന്ദ്രന്റെ മണ്ണിലിറങ്ങി ചുവട് വയ്ക്കുന്ന പ്രജ്ഞാൻ റോവർ എന്നിവയുമായാണ് ചന്ദ്രയാൻ -2 കുതിച്ചത്. കഴിഞ്ഞ സെപ്തംബർ 7ന് ചന്ദ്രനിലിറങ്ങാനുള്ള ലാൻഡറിന്റെ ശ്രമം വിജയിച്ചില്ല. മൂന്നാം ചന്ദ്രയാൻ വിക്ഷേപിക്കാൻ ഉടൻ തീരുമാനിച്ചെങ്കിലും, കൊവിഡ് ബാധ തടസമായി.
ഒാർബിറ്ററില്ല:
പകരം പേടകം
ചന്ദ്രയാൻ- 3 ഒാർബിറ്ററില്ലാതെയാണ് കുതിക്കുക. പകരം ലാൻഡറിനെയും റോവറിനെയും വഹിക്കുന്ന പേടകമുണ്ടാകും. അത് ചന്ദ്രന്റെ ഉപരിതലം വരെ പോകും. കൂടുതൽ സൂഷ്മതയേറിയ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഇക്കുറി രൂപകല്പന. റോവറും ലാൻഡറും കൂടുതൽ കരുത്തുറ്റതും അത്യാധുനിക സംവിധാനങ്ങളുള്ളതുമാണ്.
ചന്ദ്രനിൽ തുരുമ്പ്
കണ്ടെത്തിയത് വിസ്മയം
ഇരുമ്പ് കൂടുതലുള്ള ഗ്രഹമാണ് ചന്ദ്രൻ. അവിടെ ഇരുമ്പ് തുരുമ്പ് പിടിക്കാത്തത് ഒാക്സിജനും വെള്ളവുമില്ലാത്തതിനാലാണ്. എന്നാൽ ചന്ദ്രന്റെ ധ്രുവമേഖലയിൽ തുരുമ്പിന്റെ അംശം കണ്ടെത്തി ചന്ദ്രയാൻ -2 ലോകത്തെ വിസ്മയിപ്പിച്ചു. ഒാക്സിജനും വെള്ളവുമില്ലെങ്കിൽ ഇരുമ്പെങ്ങനെ തുരുമ്പിച്ചുവെന്നതിന് ഉത്തരം കണ്ടെത്തണം. ഒാക്സിജൻ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവജാലങ്ങൾക്കത് അനുകൂലഘടകമാണ്.
അന്ന് പിഴച്ചത്
സോഫ്റ്റ് വെയറിൽ?
2019 സെപ്തംബർ 7ന് പുലർച്ചെ 01.38.03. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് അത് ഭീകരനിമിഷമായിരുന്നു. 15 നിമിഷത്തിനുള്ളിൽ ലാൻഡർ സുരക്ഷിതമായി ചന്ദ്രന്റെ മാറിലിറങ്ങേണ്ടതായിരുന്നു.അതുണ്ടായില്ല. ബന്ധവും നഷ്ടമായി. നിയന്ത്രണം നഷ്ടപ്പെട്ട് ലാൻഡർ ഇടിച്ചിറങ്ങി. ഇന്ത്യ ദുഃഖസാന്ദ്രമായി.
ചന്ദ്രന്റെ മണ്ണിൽ ലാൻഡറിനെ ഒാർബിറ്ററിലെ ക്യാമറാക്കണ്ണുകൾ അന്ന് തന്നെ കണ്ടെത്തിയെങ്കിലും ഐ.എസ്.ആർ.ഒ. സ്ഥിരീകരിച്ചില്ല. സെപ്തംബർ 10ന് ചെയർമാൻ അക്കാര്യം സമ്മതിച്ചെങ്കിലും ബന്ധം വീണ്ടെടുക്കാൻ ശ്രമിച്ചുവരുകയാണെന്നാണ് പറഞ്ഞത്. ദൗത്യം 95 ശതമാനം വിജയമെന്നായിരുന്നു പ്രഖ്യാപനം. എങ്കിലും, ആ ഭീകര നിമിഷങ്ങളെ മറക്കാനായിരുന്നു ഐ.എസ്.ആർ.ഒയ്ക്ക് താത്പര്യം.
ഒാബിറ്റർ പൂർണ വിജയമായിരുന്നു. ഇതിനകം 4400 തവണ അത് ചന്ദ്രനെ ചുറ്റി.നിരവധി നിർണായക വിവരങ്ങൾ നൽകി. പക്ഷേ ഐ.എസ്.ആർ.ഒ അതൊന്നും വിജയമായി പറഞ്ഞില്ല. കിട്ടിയ വിവരങ്ങൾ 14പേജുളള റിപ്പോർട്ടായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോഴും അതൊരു വാർത്താക്കുറിപ്പായിപ്പോലും പുറത്തുവിട്ടില്ല. ആഭ്യന്തര അന്വേഷണത്തിൽ കണ്ടത് ചന്ദ്രയാൻ -2ലെ പിഴവ് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടാണെന്നാണ്. അതും പുറത്തുപറഞ്ഞില്ല. ചന്ദ്രയാൻ 3ൽ കാര്യമായ മാറ്റങ്ങൾ സോഫ്റ്റ് വെയറിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |