കൊച്ചി: ഓണത്തിന് സപ്ളൈക്കോ വിതരണം ചെയ്‌ത ഭക്ഷ്യസാധന കിറ്റിൽ ഉൾപ്പെട്ട പപ്പടത്തിനും വേണ്ടത്ര ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ. റാന്നിയിലെ സിഎഫ്ആർഡി നടത്തിയ പരിശോധനയിലാണ് ഇങ്ങനെ കണ്ടെത്തിയത്. പപ്പടത്തിൽ വേണ്ട ഈർപ്പത്തിന്റെ അളവ് 12.5 ശതമാനമായിരുന്നു ഇത് കിറ്റിലെ പപ്പടത്തിൽ16.06 ശതമാനമായിരുന്നു. പി.എച്ച് മൂല്യം പരമാവധി 8.50 വേണ്ടയിടത്ത് ഓണ പപ്പടത്തിലുണ്ടായിരുന്നത് 9.20. സോഡിയം കാർബണേറ്റ് അളവിലും വ്യത്യാസമുണ്ടായി 2.3ന് പകരം 2.4 ആയിരുന്നു ഇതിന്റെ അളവ്.
ഇതോടെ ഭക്ഷണമായി ഉപയോഗിക്കാനാകാത്ത പപ്പടം തിരികെയെടുക്കാൻ അധികൃതർ നടപടി തുടങ്ങിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പിക്കുന്നതിനുളള വിഭാഗത്തിലെ അഡീഷണൽ ജനറൽ മാനേജർ ഇതിനായി നിർദ്ദേശം നൽകി കഴിഞ്ഞു. വിൽപന നടത്തിയതിന്റെയും വാങ്ങിയവയുടെയും കണക്കും നൽകാൻ നിർദ്ദേശമുണ്ട്.
പപ്പടം നൽകിയ തമിഴ്‌നാട്ടിലെ കമ്പനികൾക്കെതിരെ നടപടിയെടുത്തേക്കും. മുൻപ് കിറ്റിലെ പപ്പടം തമിഴ്‌നാട്ടിൽ നിന്നുളളതാണെന്ന പേരിൽ വിവാദമുണ്ടായിരുന്നു. ലോക്ഡൗൺ സൃഷ്‌ടിച്ച പ്രതിസന്ധിയിൽ ഉഴലുന്ന കേരളത്തിലെ കമ്പനികൾക്ക് നൽകാതെ തമിഴ്നാട്ടിലെ കമ്പനികൾക്ക് നൽകിയതാണ് വിവാദമുണ്ടായത്.
ആദ്യം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കിറ്റിലെ വിഭവങ്ങളുടെ ഗുണനിലവാരവും തൂക്കവും തമ്മിൽ വ്യത്യാസമുണ്ടായിരുന്നതായി കണ്ടെത്തി. നിർമ്മാണ തീയതിയും പാക്കിംഗ് തീയതിയും മറ്രും വ്യക്തമായിരുന്നില്ല. കിറ്റിലെ ശർക്കരയിലും വേണ്ടത്ര ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ശർക്കര മാറ്റി പഞ്ചസാര കിറ്റിൽ ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |