ബെർലിൻ: റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകനുമായ അലക്സി നവൽനിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം കോമയിൽ നിന്ന് മോചിതനായെന്നും വാക്കുകളോട് പ്രതികരിക്കുന്നുണ്ടെന്നും ചികിത്സയിൽ കഴിയുന്ന ബെർലിൻ ചാരിറ്റി ആശുപത്രി അധികൃതർ അറിയിച്ചു. ആഴ്ചകൾക്ക് മുമ്പാണ് യാത്രയ്ക്കിടെ വിമാനത്തിൽ വച്ച് നവൽനി കുഴഞ്ഞുവീണത്. ചായയിൽ വിഷം കലർത്തി അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സൈബീരിയൻ പട്ടണമായ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ അദ്ദേഹത്തെ, വിമാനം അടിയന്തര ലാൻഡിംഗ് നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട്, വിദഗ്ദ്ധ ചികിത്സക്കായി ജർമനിയിലേക്ക് മാറ്റി. അലക്സി നവൽനിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ സഹായവും നൽകുമെന്ന് ജർമ്മൻ ചാൻസിലർ ഏഞ്ചല മെർക്കൽ പറഞ്ഞിരുന്നു.
നോവിചോക് എന്ന രാസവിഷ പദാർത്ഥമാണ് നവൽനിക്ക് നൽകിയതെന്ന് ബ്രിട്ടൺ ആരോപിച്ചിരുന്നു. ആന്തരിക പരിശോധനയിൽ ഇക്കാര്യം ജർമനി സ്ഥിരീകരിച്ചു. യൂറോപ്യൻ യൂണിയൻ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം ജർമനി ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം റഷ്യ നിഷേധിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |