തിരുവനന്തപുരം: കേടായെന്നു പറഞ്ഞതിൽ 1563.955 ടൺ ഭക്ഷ്യധാന്യം കഴുകി ഉപയോഗിക്കാമെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മിൽ ക്ളീനിംഗ് നടത്താൻ കുന്നന്താനത്തെയും പെരുമ്പാവൂരിലെയും രണ്ട് മില്ലുകളെ സപ്ലൈകോ ടെൻഡറിലൂടെ കണ്ടെത്തി. ഇവർ ഭക്ഷ്യധാന്യം പരിശോധിച്ച് ഉപയോഗിക്കാൻ കഴിയുന്നത് കഴുകി വൃത്തിയാക്കി നൽകും. ആദ്യം നെടുമങ്ങാട് ഗോഡൗണിലെ 56 ലോഡുകളാണ് മില്ലുകൾ ഏറ്റെടുക്കുക. നശിപ്പിക്കാനും കാലിത്തീറ്റയ്ക്ക് നൽകാനും നിർദ്ദേശിച്ച ഭക്ഷ്യധാന്യങ്ങൾ തിരിച്ച് വിപണിയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സപ്ലൈകോക്ക് നിർദേശം നൽകിയിട്ടുണ്ട്. 721.13 ടൺ കാലിത്തീറ്റയാക്കാമെന്നും 251.88 ടൺ വളമാക്കാമെന്നുമാണ് റിപ്പോർട്ടിലുള്ളത്.