കിളിമാനൂർ: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സ്ത്രീയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെ ഇനി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ലഭിച്ച തെളിവുകൾ ശാസ്ത്രീയമായി വിലയിരുത്തി തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തുണികൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലംകൂടി വരണം.
പ്രതിയെ സംഭവം നടന്ന ഭരതന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഫൊറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. പ്രതി വീട്ടിൽ ഉണ്ടായിരുന്നതിന്റെയും യുവതി എത്തിയതിന്റെയും സാഹചര്യത്തെളിവുകളും,പീഡനം നടന്നതിന്റെ ശാസ്ത്രീയ തെളിവുകളും ശക്തമാണ്. ലൈംഗികപീഡനത്തിനിരയായെന്ന് വൈദ്യപരിശോധനാഫലമുണ്ട്. മറ്രു പ്രതികളില്ല. കൈകാലുകൾ കെട്ടിയിട്ട് വായിൽ തുണിതിരുകി പീഡിപിച്ചെന്നാണ് മൊഴി. പ്രതിയുടെ സാന്നിദ്ധ്യത്തിൽ നടത്തേണ്ട നടപടി ക്രമങ്ങൾ പൂർത്തിയായെന്ന് പാങ്ങോട് സി.ഐ സുനീഷ് കുമാർ അറിയിച്ചു.
പീഡനവിവരം പുറത്തുവന്നതോടെ കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ
(പി.എച്ച്.സി) ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെ കഴിഞ്ഞദിവസം സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. മലപ്പുറത്ത് ഹോം നഴ്സായി ജോലിനോക്കുന്ന കുളപ്പുഴ സ്വദേശിയായ സ്ത്രീ നാട്ടിൽ ക്വാറന്റൈനിലായിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ പ്രദീപ് ഭരതന്നൂരിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |