SignIn
Kerala Kaumudi Online
Friday, 15 May 2026 6.38 PM IST

ചെയ്യാത്ത കുറ്റത്തിന്  ജയിലിൽ കഴിഞ്ഞത്   20വർഷം; പുറത്തിറങ്ങിയപ്പോൾ ഉറ്റവരില്ല, വീട്ടിലേക്ക് ചെന്നപ്പോൾ കണ്ടത് 

vishnu-tiwari

ലക്നൗ: വ്യാജ ബലാത്സംഗക്കേസിൽ 20 വർഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ യുവാവിന്റെ ജീവിതം ചർച്ചയാകുന്നു. 2021ൽ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ട ഉത്തർപ്രദേശിലെ ലളിത്പൂർ സ്വദേശി വിഷ്ണു തിവാരിയുടെ ജീവിതമാണ് വാർത്തകളിൽ നിറയുന്നത്.

ജയിലിൽ നിന്നിറങ്ങി വിതുമ്പിക്കരയുന്ന ഒരു യുവാവിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന് പിന്നാലെയാണ് വിഷ്ണുവിന്റെ ജീവിതം ചർച്ചയായത്. 2000 സെപ്തംബറിലാണ് വിഷ്ണുവിനെ ബലാത്സംഗ കുറ്റവും എസ്‌‌സി-എസ്‌‌ടി വകുപ്പുകളും ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് 23വയസായിരുന്നു. 2003ൽ വിചാരണകോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

പശുവിനെ കെട്ടുന്നതിനെചൊല്ലിയുള്ള തർക്കമാണ് വ്യാജ പരാതിയിലേക്ക് നയിച്ചതെന്ന് വിഷ്ണു പറയുന്നു. ജയിലിൽ കിടന്ന 20 വർഷത്തിനിടെ വിഷ്ണുവിന്റെ മാതാപിതാക്കളും രണ്ട് സഹോദരങ്ങളും മരിച്ചു. ആരുടെയും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ കോടതിയിൽനിന്നും അദ്ദേഹത്തിന് അനുവാദം ലഭിച്ചിരുന്നില്ല. ആകെയുണ്ടായിരുന്ന അഞ്ച് ഏക്കർ ഭൂമി കേസ് നടത്താൻ വിറ്റു. കുടുംബം സാമൂഹികമായി ഒറ്റപ്പെട്ടു. കൊവിഡ് കാലത്ത് പോലും വിഷ്ണുവിന് കോടതി പരോൾ അനുവദിച്ചില്ല.

രേഖകളിലെ പിഴവുകളെ തുടർന്ന് അപ്പീൽ 16 വർഷത്തോളം കോടതിയുടെ പരിഗണനയിൽ വന്നിട്ടേയില്ല. ഒടുവിൽ 2019ൽ നിയമസഹായ സമിതിയുടെ ഭാഗമായി എത്തിയ അഡ്വ. ശ്വേത സിംഗ് റാണയാണ് വിഷ്ണുവിന് വേണ്ടി വാദിച്ചത്. 2021ൽ ജസ്റ്റിസുമാരായ കൗശൽ ജയേന്ദ്ര താക്കർ, ഗൗതം ചൗധരി എന്നിവരടങ്ങിയ ബെഞ്ച് വിഷ്ണുവിനെ എല്ലാ കുറ്റങ്ങളിൽ നിന്നും മോചിപ്പിച്ചു. 14 വർഷത്തെ തടവിന് ശേഷം ശിക്ഷ ഇളവ് നൽകാൻ സർക്കാർ തയ്യാറാകാത്തതിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

'ഇന്ന് ഞാൻ സന്തുഷ്ടനാണ്, പക്ഷേ എന്ത് ചെയ്യണമെന്ന് അറിയില്ല. വീട്ടിൽ പോയപ്പോൾ വീട് തകർന്നു കിടക്കുന്നു, പ്രിയപ്പെട്ടവരെല്ലാം പോയി' ജയിൽ മോചിതനായപ്പോൾ വിഷ്ണു പറഞ്ഞ വാക്കുകൾ ആരുടെയും മനസ് അലിയിക്കുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FALSE RAPE, LATESTNEWS, OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360