തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തുക്കളും മാനേജർമാരുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ, കലാഭവൻ സോബി എന്നിവർക്ക് സി.ബി.ഐ നുണപരിശോധന നടത്തും. ഇതിനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. നുണപരിശോധനയ്ക്ക് എല്ലാവരും സന്നദ്ധത അറിയിച്ചിരുന്നു. ബാലുവിന്റെ മരണത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും അറിയേണ്ടത്. അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് ബാലുവിന്റെ പിതാവിന്റെയും ബന്ധുക്കളുടേയും മൊഴി. സ്വർണക്കടത്തു കേസിൽ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും പ്രതിയായതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കൾക്ക് സംശയമുണ്ടായത്. ബാലു മരിച്ച ശേഷമാണ് ഇരുവരും സ്വർണക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്. എന്നാൽ ഇതിനു വിരുദ്ധമായ വിവരങ്ങൾ സിബിഐക്ക് ലഭിച്ചതായി സൂചനയുണ്ട്. വിഷ്ണു സോമസുന്ദരം നിരവധി തവണ ദുബായ് സന്ദർശിച്ചിരുന്നെന്നും ദുബായിൽ തുടങ്ങിയ ബിസിനസിൽ ബാലു നിക്ഷേപം നടത്തിയെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെത്തുന്നതിനു മുമ്പ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി കടന്നുപോയ കലാഭവൻ സോബിയുടെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |