അഗളി: വായിൽ മുറിവേറ്റ് ആഴ്ചകളോളം ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന 'ബുൾഡോസർ' എന്ന് നാട്ടുകാർ പേരിട്ട കാട്ടാന ചരിഞ്ഞു. ഇന്നലെ പുലർച്ചെ ആനക്കട്ടിക്ക് സമീപം മരപ്പാലം ഊരിനടുത്തുള്ള റോഡിലാണ് ജഡം കണ്ടെത്തിയത്. ഇതോടെ മേഖലയിൽ വായിൽ മുറിവേറ്റ് ചരിഞ്ഞ ആനകളുടെ എണ്ണം മൂന്നായി. ഷോളയൂരിൽ കുട്ടിയാനയും മണ്ണാർക്കാട് ഗർഭിണിയായ കാട്ടാനയും സമാന രീതിയിൽ ചരിഞ്ഞിരുന്നു.
ആഗസ്റ്റ് 18നാണ് തമിഴ്നാട്ടിൽ നിന്ന് ആനക്കട്ടി, ഷോളയൂർ ഭാഗത്തേക്ക് ബുൾഡോസർ എന്ന കാട്ടാന പരിക്കേറ്റ നിലയിലെത്തിയത്. നേരത്തെ ഒരു മാസത്തോളം അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലും നിലയുറപ്പിച്ചിരുന്ന ആന നിരവധി വീടുകൾ തകർക്കുകയും കൃഷിസ്ഥലങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. തമിഴ്നാട് വനമേഖലയിൽ നിന്നാവാം ആനയ്ക്ക് പരിക്കേറ്റതെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇതുസംബന്ധിച്ച് കേരള- തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ട്.
നാവിന്റെ ഒരുഭാഗം മുറിഞ്ഞുപോയതിനാൽ കഴിഞ്ഞ മാസത്തിലേറെയായി ഭക്ഷണം കഴിക്കാനാവാതെ ഗുരുതരാവസ്ഥയിലായിരുന്നു ആന. ഇതിനിടെ ആഗസ്റ്റ് 22ന് മയക്കുവെടിവെച്ച് ചികിത്സ നൽകിയെങ്കിലും ആരോഗ്യം വീണ്ടെടുക്കാനായില്ല. വീണ്ടും തമിഴ്‌നാട് വനമേഖലയിലേക്ക് പോയ ആന ഈ മാസം ആറിനാണ് കൊടിങ്കരപള്ളം കടന്ന് തൂവ പ്രദേശത്ത് തിരിച്ചെത്തിയത്. വെള്ളം പോലും ഇറക്കാനാവാതെ അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്ന് വനം ചീഫ് വെറ്റിനറി ഒാഫീസർ ഡോ.അരുൺ സഖറിയ പറഞ്ഞു.
ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം മരപ്പാലം ഊരിന് സമീപം സംസ്‌കരിച്ചു. ഡി.എഫ്.ഒ സുനിൽകുമാർ, റേഞ്ച് ഓഫീസർ എ.ടി.ഉദയൻ എന്നിവർ സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.
സ്ഫോടന സാദ്ധ്യത തള്ളിക്കളയാനാകില്ല
നാക്കിന്റെ ഒരുഭാഗം മുറിഞ്ഞുപോയതായി പരിശോധനയിൽ വ്യക്തമായി. മുറിവിലെ പഴുപ്പ് ശ്വാസനാള ബാധിച്ചു. എങ്ങനെയാണ് മുറിവുണ്ടായതെന്ന് വ്യക്തമല്ല. പടക്കംപൊട്ടി പരിക്കേറ്റതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അട്ടപ്പാടിയോട് ചേർന്നുള്ള തമിഴ്നാട് വനത്തിൽ ഇൗ വർഷം 17 ആനകൾ സമാനമായ രീതിയിൽ ചരിഞ്ഞിട്ടുണ്ട്.
..........................................
"പണ്ട് ജനവാസ കേന്ദ്രത്തിലേക്ക് കാട്ടാനകളെത്തുന്നത് വിരളമായിരുന്നു. ഇന്ന് സ്ഥിതി മാറി, ആനകൾ കാടിറങ്ങുന്നത് പതിവായി. പല വിധേന ഇവരെ തുരത്താൻ ആളുകൾ ശ്രമിക്കുന്നുണ്ട്."
-ലെച്ചിയമ്മ, മരപ്പാലം ഊരുവാസി.
"ഒന്നര പതിറ്റാണ്ടായി വനാതിർത്തിയിൽ നടക്കുന്ന അനധികൃത റിസോർട്ട് നിർമ്മാണങ്ങളും കൃഷിയുമെല്ലാം സ്വാഭാവിക ആനത്താര വൈദ്യുതവേലി കൊണ്ട് കെട്ടിയടച്ചാണ് നടത്തുന്നത്. കേരളത്തിൽ വന്യമൃഗ- മനുഷ്യ സംഘട്ടനങ്ങളുടെ പ്രധാന കേന്ദ്രമാവുകയാണ് അട്ടപ്പാടി."
-ജി.രാധാകൃഷ്ണൻ, പരിസ്ഥിതി പ്രവർത്തകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |