തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിട്ട് പതിനാറ് ദിവസം കഴിഞ്ഞിട്ടും ,പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണരേഖകൾ സി.ബി.ഐയ്ക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്. രാഷ്ട്രീയ ചായ്‌വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമെന്ന വിർമശനത്തോടെയാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയത്. എന്നാൽ എഫ്.ഐ.ആർ, കേസ് ഡയറി, ഫോറൻസിക് രേഖകൾ, കുറ്റപത്രം എന്നീ വിവരങ്ങളൊന്നും സിബിഐയ്ക്ക് കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറാവുന്നില്ല. ഉന്നതതലത്തിൽ നിന്ന് അനുമതി കിട്ടിയില്ലെന്നാണ് ന്യായം.
തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.പി.അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ്വേഷിക്കുന്നത്. കാസർകോട് കോടതിയിൽ നിന്ന് എഫ്.ഐ.ആറിന്റെ പകർപ്പ് ശേഖരിച്ച് എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ റീ-രജിസ്റ്റർ ചെയ്ത സിബിഐ, പഴുതടച്ച അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. എന്നാൽ കോടതി ആദ്യ കുറ്റപത്രം റദ്ദാക്കിയിട്ടില്ലാത്തതിനാൽ, അതിന്റെ തുടർച്ചയായി വേണം സിബിഐ അന്വേഷണം. ഫോറൻസിക് രേഖകളടക്കം കുറ്റപത്രത്തിലുണ്ട്. ഇനി ഫോറൻസിക് പരിശോധന നടത്താനാവില്ല. കേസിൽ നിലവിൽ 14 പ്രതികളാണുള്ളത്.
സർക്കാരിന്റെ അതിശക്തമായ എതിർപ്പ് തള്ളിയാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് വിട്ടത്. രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആറിൽ വിലയിരുത്തിയ കേസ് പിന്നീടെങ്ങനെയാണ് വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമായി മാറിയതെന്ന് ക്രൈംബ്രാഞ്ചിന്റെ കേസ്ഡയറി പരിശോധിക്കവേ ഹൈക്കോടതി സംശയമുന്നയിച്ചിരുന്നു. പ്രതികൾ പറഞ്ഞ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് വിശ്വസിച്ചതെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമുള്ള കണ്ടെത്തൽ നിലനിൽക്കുന്നതല്ലെന്നുമാണ് കോടതി നിലപാടെടുത്തത്.
അന്വേഷണത്തിലെ ക്രമക്കേടുകൾ പുറത്തറിയാതിരിക്കാനാണ് ക്രൈംബ്രാഞ്ച് കേസ് രേഖകൾ സിബിഐയ്ക്ക് നൽകാത്തതെന്നാണ് ആക്ഷേപം. പ്രതികൾക്ക് രക്ഷപ്പെടാൻ ഏറെ പഴുതുകളുള്ള കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ചിന്റേത്.
രേഖകൾ നൽകിയേ പറ്റൂ
സിബിഐയ്ക്ക് കേസ് രേഖകൾ നൽകാതിരിക്കാൻ ക്രൈം ബ്രാഞ്ചിനാവില്ല.
കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തി.
ഹർജി ഡിവിഷൻബഞ്ച് പരിഗണിച്ചശേഷം സിബിഐ നിലപാടെടുക്കും
ക്രൈംബ്രാഞ്ചിനെതിരെ വേണ്ടിവന്നാൽ സിബിഐ കോടതിയെ സമീപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |