തിരുവനന്തപുരം: ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറാനൊരുങ്ങവെ, ബാർകോഴ വിവാദത്തിൽ നിയമസഭയിൽ ഇടതുപക്ഷം നടത്തിയ കൈയാങ്കളിയടക്കം ആയുധമാക്കി ആക്രമിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. അതേ സമയം, ആരോപണ വിവാദങ്ങൾ മറികടക്കാൻ കിട്ടിയ മികച്ച അവസരമായി യു.ഡി.എഫിനകത്തെ അന്തഃഛിദ്രത്തെ ഉപയോഗിക്കാനുള്ള ശ്രമത്തിൽ സി.പി.എമ്മും .
ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയില്ലെങ്കിലും, ബന്ധമവസാനിപ്പിക്കുന്നതിന്റെ സൂചന പ്രകടമാക്കിയാണ് കഴിഞ്ഞ യു.ഡി.എഫ് യോഗം പിരിഞ്ഞത് .ഇതോടെ, ജോസിന്റെ വഴി ഇടതുചേരി തന്നെയെന്നുറപ്പായി. ഈ സാഹചര്യത്തിലാണ് ബാർ കോഴ വിവാദം മുതലാക്കി ജോസിനെയും ഇടതിനെയും അടിക്കാനാകുമോയെന്ന് യു.ഡി.എഫ് നോക്കുന്നത്. എന്നാൽ, അന്ന് ഇടതുപക്ഷത്തിന് അതിന് വഴിയൊരുക്കിക്കൊടുത്തത് കോൺഗ്രസാണെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്.
ബഡ്ജറ്റവതരണത്തിനെത്തിയ കെ.എം. മാണിയെ കൗരവ സദസ്സിൽ ദ്രൗപദിയെപ്പോലെ വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിച്ചവരുമായി ജോസ് കെ.മാണി കൂട്ടുകൂടുന്നുവെന്നാണ് യു.ഡി.എഫ് ആക്ഷേപം. മാണിയെ അപമാനിച്ചവരുമായി കൂട്ടുകൂടുന്നുവെന്ന് പ്രചരിപ്പിക്കുക വഴി, മാണിയോട് ആത്മബന്ധം പുലർത്തിയവരെ ഒപ്പമെത്തിക്കാമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. എന്നാൽ, ഒന്നുമല്ലാതിരുന്ന ബാർകോഴ ആരോപണത്തെ കേസാക്കി മാറ്റിയത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നുവെന്നാണ് ജോസ് വിഭാഗത്തിന്റെ നിലപാട്. യു.ഡി.എഫ് വിടാൻ തീരുമാനമെടുത്ത ചരൽക്കുന്ന് ക്യാമ്പിലെ മാണിയുടെ പ്രസംഗം ഇതിന് തെളിവാണ്. മാണിയെ കുറ്റവിമുക്തനാക്കുന്നതിന്റെ പേരിൽ പ്രഖ്യാപിച്ച വിജിലൻസിന്റെ ദ്രുതപരിശോധന അദ്ദേഹത്തെ കുടുക്കാനായിരുന്നുവെന്നും ജോസ് പക്ഷം പറയുന്നു.ഇടതുസർക്കാർ അധികാരമേറ്റ ശേഷമാണ് കഴമ്പില്ലാതിരുന്ന ബാർ കോഴക്കേസ് അവസാനിപ്പിച്ചത്. കേസിൽ കഴമ്പില്ലെന്ന് യു.ഡി.എഫ് കാലത്ത് തന്നെ ഡി.ജി.പി ശങ്കർ റെഡ്ഢി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായിരുന്നു. കോൺഗ്രസ് ക്യാമ്പിലെ ചിലരുടെ നീക്കമാണ് ആരോപണം പെരുപ്പിച്ചതെന്ന് ജോസ് കരുതുന്നു. പിണറായി സർക്കാരിനെതിരെ യു.ഡി.എഫ് ഉയർത്തുന്ന ആരോപണങ്ങളെ സ്വന്തം ഘടകകക്ഷിയെ പോലും വിശ്വിപ്പിക്കാനാകുന്നില്ലെന്ന് സ്ഥാപിക്കാൻ ജോസ് കെ.മാണിയുടെ പുറത്തുപോകലും നിയമസഭയിലെ അവരുടെ നിലപാടുമെല്ലാം എൽ.ഡി.എഫിന് അവസരമൊരുക്കിയിട്ടുണ്ട്. ജോസിനെ തള്ളി കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് നടത്തിയ പ്രസ്താവനയിലെ ചില പരാമർശങ്ങൾ അവർക്ക് പറ്റിയ ആയുധമാവുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |