ലക്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആറു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വ്യാജ ചെക്ക് നൽകിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ അയോദ്ധ്യ കോട്‌വാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലക്‌നൗവിലെ രണ്ട് ബാങ്കുകൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. രണ്ടു തവണയായി ആറു ലക്ഷം രൂപയാണ് പിൻവലിച്ചത്. 9.86 ലക്ഷം രൂപ പിൻവലിക്കാനുള്ള മൂന്നാം ശ്രമത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
ബാങ്ക് ഒഫ് ബറോഡ ശാഖയിലാണ് മൂന്നാം തട്ടിപ്പിനായി ചെക്കുമായി എത്തിയത്. സംശയം തോന്നിയ മാനേജർ ട്രസ്റ്റ് സെക്രട്ടറിയെ ഫോൺ ചെയ്തു ചോദിക്കുകയായിരുന്നു. ആർക്കും ചെക്ക് നൽകിയിട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചതോടെ കൂടുതൽ അന്വേഷണം നടത്തി. അപ്പോഴാണ് മുമ്പ് രണ്ടു തവണ പണം പിൻവലിച്ചത് കണ്ടെത്തിയത്.
സെപ്തംബർ ഒന്നിന് രണ്ടര ലക്ഷം രൂപയും രണ്ടു ദിവസത്തിന് ശേഷം മൂന്നര ലക്ഷം രൂപയുമാണ് പിൻവലിച്ചത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം.
ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ചെക്കുകളുടെ സീരിയൽ നമ്പറുകൾ പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ട്. ഇതിൽ ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |