തിരുവനന്തപുരം: മഞ്ചേശ്വരം എം.എൽ.എ എം.സി. കമറൂദ്ദീന്റെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ നടത്തിയ ജൂവലറി നിക്ഷേപത്തട്ടിപ്പിന്റെ മുഴുവൻ വിവരങ്ങളും പുറത്തെത്തിക്കാൻ സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നിക്ഷേപത്തട്ടിപ്പിൽ 33 കേസാണ് രജിസ്റ്റർ ചെയ്തത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. 150 കോടിയോളം രൂപ സമാഹരിച്ചതായാണ് വാർത്തകൾ. നിക്ഷേപകരെ കബളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയർമാൻ എം.സി കമറൂദ്ദീനും എം.ഡി പൂക്കോയ തങ്ങളും രജിസ്റ്റർ ചെയ്തത്. 2006ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണലെന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യ കമ്പനി രജിസ്റ്റർ ചെയ്തത്. 2007ലും 2008ലും 2012ലും 2016ലുമായാണ് മറ്റ് കമ്പനികളുടെ രജിസ്ട്രേഷൻ. മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസമാർജ്ജിച്ചാണ് ലീഗണികളായ സമ്പന്നരെയും പാവങ്ങളെയും വലയിൽ വീഴ്ത്തിയത്.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം പരാതികൾ ഉയർന്നു വരുകയും കമറുദ്ദീന്റെ സ്ഥാനാർത്ഥിത്വം ഭാവിയിൽ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ലീഗ് നേതൃത്വം കമറൂദ്ദിന്റെ പിന്നിൽ ശക്തമായി നിലയുറപ്പിച്ചതിനെതിരെ, ലീഗ് അണികൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണോ ഇത് നടന്നതെന്ന് സംശയിക്കണം. തട്ടിപ്പിൽ നിന്ന് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നേതൃത്വം നടത്തുന്നതെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |