തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അനന്തമായി നീട്ടാൻ സർക്കാരും യു.ഡി.എഫും നേരത്തേ ധാരണയുണ്ടാക്കിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.. അതിനു ശേഷമാണ് ഇരുകൂട്ടരും മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിനെത്തിയതെന്നും യോഗത്തിൽ പങ്കെടുത്തശേഷം സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. ഒരു മാസം കഴിഞ്ഞാൽ കൊവിഡ് പ്രശ്നങ്ങൾ തീരുമോ? 65 വയസ് കഴിഞ്ഞവർക്ക് പുറത്തിറങ്ങാനാകുമോ? കണ്ടെയിൻമെന്റ് സോണുകൾ ഇല്ലാതാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
ജനങ്ങളെ അഭിമുഖീകരിക്കാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും ഭയമാണ്. സ്വർണക്കള്ളക്കടത്തും മയക്കുമരുന്നു കേസും ഭരണമുന്നണിയെ പ്രതിക്കൂട്ടിലാക്കി. സംഘടനാതലത്തിൽ യു.ഡി.എഫ് തകർന്നിരിക്കുകയാണ്.
ആറുമാസം കഴിയുമ്പോൾ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്നാണ് ബി.ജെ.പി നിലപാട്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് കൃത്യസമയത്തു നടത്തണമെന്ന് സർവ്വകക്ഷിയോഗത്തിൽ ബി.ജെ.പി വ്യക്തമാക്കി. ഇല്ലെങ്കിൽ അത് വികസന പ്രവർത്തനങ്ങളെ ബാധിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |