തിരുവനന്തപുരം: ശമ്പളത്തിൽ നിന്ന് 20 ശതമാനം കട്ട് ചെയ്യുമെന്ന സർക്കാർ തീരുമാനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ രണ്ട് മണിക്കൂർ ഒ.പി ബഹിഷ്കരിക്കാനുള്ള നീക്കത്തിൽ ജൂനിയർ ഡോക്ടർമാർ. എന്നിട്ടും മാറ്റമുണ്ടായില്ലെങ്കിൽ 868 ജൂനിയർ ഡോക്ടർമാരും രാജിവയ്ക്കുമെന്ന് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഔസം പറഞ്ഞു.
പി.എച്ച് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ വരെ ജോലി ചെയ്യുന്ന ജൂനിയർ ഡോക്ടർമാർ കൂട്ടത്തോടെ രാജിവച്ചാൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ ബാധിക്കും. രോഗികളിൽ നിന്ന് സ്രവമെടുക്കുന്നതും രോഗികൾക്കൊപ്പം നിൽക്കുന്നതും ജൂനിയർ ഡോക്ടർമാരാണ്. രോഗികളെ ചികിത്സിക്കാനും ഡോക്ടർമാരില്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ജൂനിയർ ഡോക്ടർമാരുടെ ശമ്പളം കട്ട് ചെയ്യുന്നതിൽ പുനഃപരിശോധന ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ 10 ന് രാജിവയ്ക്കാനിരുന്നതാണ്. എന്നാൽ ശമ്പളം കട്ട് ചെയ്യില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉറപ്പ് നൽകിയിരുന്നുവെന്നും അതുകൊണ്ടാണ് രാജിവയ്ക്കാതിരുന്നതെന്നും അസോസിയേഷൻ അറിയിച്ചു.
മൂന്ന് മാസത്തേക്ക് 42,000 രൂപ വേതനത്തിൽ കരാറടിസ്ഥാനത്തിലാണ് നിയമിച്ചത്.
ഇതിൽ അധികംപേർക്കും 25 ദിവസമേ ഇനി അവശേഷിക്കുന്നുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |