എന്നും ജനസമുദ്രത്തിന്റെ നടുവിലായിരുന്നു ഉമ്മൻചാണ്ടിയുടെ കുടുംബം. ഭാര്യയ്ക്കും മക്കൾക്കും പണ്ടേ അതു ശീലമായതിനാൽഒരിക്കലും പരാതിയായി അത് ജനനേതാവിന്റെ മുന്നിലെത്തിയിട്ടില്ല. പ്രിയപ്പെട്ട അപ്പയെക്കുറിച്ച് മകൾ മറിയ ഉമ്മന്റെ സ്നേഹക്കുറിപ്പ്...
അപ്പയോടൊപ്പം തന്നെ അപ്പയ്ക്ക് ചുറ്റിലുമുള്ള ആൾക്കൂട്ടവും കുഞ്ഞുനാൾ മുതലേ ഞങ്ങളുടെ മനസിൽ പതിഞ്ഞിരുന്നു. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തെ പുതുപ്പള്ളി വീട്ടിൽ ആഴ്ചയവസാനം ഒരു യാത്രയുണ്ട്. നാട്ടിലോട്ടു തിരിക്കുമ്പോൾ തന്നെ ഞാനും സഹോദരങ്ങളായ ചാണ്ടിയും അച്ചുവും സന്തോഷത്തിലാകും. അപ്പയെ അത്ര സമയമെങ്കിലും അടുത്തു കിട്ടുമല്ലോ എന്നൊക്കെയാവും ആലോചനകൾ. അവിടെ എത്തി പിറ്റേന്ന് രാവിലെ ഉറക്കമുണരുമ്പോൾ എന്നും പതിവുള്ള ഒരു കാഴ്ചയുണ്ട്. അപ്പയെ കാണാൻ നന്നേ രാവിലെ മുതൽ വീട്ടിലെത്തുന്ന ആളുകൾ. നിവേദനം നൽകാനെത്തുന്നവർ മുതൽ അപ്പയെ സ്നേഹത്തോടെ കാണാനെത്തുന്നവരും ആ കൂട്ടത്തിലുണ്ട്. എല്ലാവർക്കും സ്വന്തം വീടാണ് അന്നും ആ വീട്. കുട്ടിക്കാലത്തേ ഇതൊക്കെ കണ്ടുശീലിച്ചതുകൊണ്ടാവണം ആ കാഴ്ച ജീവിതത്തിന്റെ ഭാഗമായിരുന്നു.
പഠിക്കുന്ന കാലത്ത് സ്കൂളിലെ പരിപാടികൾക്കോ, മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ അപ്പ വരണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. ആ കാലത്തുതന്നെ അപ്പ തിരക്കുള്ള ആളണെന്ന തോന്നൽ ആരും പറഞ്ഞിട്ടല്ലെങ്കിലും ഉള്ളിലുണ്ടായിരുന്നു. അനുജൻ ചാണ്ടിയ്ക്ക് അതിൽ ഇത്തിരി സങ്കടം ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എങ്കിലും അവൻ ഒരിക്കലും പരാതി പറഞ്ഞിരുന്നില്ല. ഞങ്ങൾ ആ തിരക്കുമായി അന്നേ പൊരുത്തപ്പെട്ടിരുന്നു. അമ്മയ്ക്കായിരുന്നു ഞങ്ങളുടെ ചുമതല മുഴുവൻ. ബാങ്കിലെ ജോലിയുടെ തിരക്കിലും കുടുംബത്തെ അമ്മ അത്രമാത്രം കരുതി. തിരക്കുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതം മനസിലാക്കി ഉത്തരവാദിത്തങ്ങളെല്ലാം അമ്മ വേണ്ട വിധത്തിൽ ചെയ്തു. അമ്മയ്ക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്പേസും ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. അതുകൊണ്ടു കൂടിയാവണം ഞങ്ങൾക്ക് അപ്പയുടെ അസാന്നിദ്ധ്യം വലിയ പ്രശ്നമായി തോന്നാതിരുന്നത്. അമ്മ വലിയ ദൈവവിശ്വാസിയാണ്. ആ ഒരു അനുഗ്രഹം അമ്മയ്ക്കുമേൽ എല്ലായ്പ്പോഴുമുണ്ടായിരുന്നു. എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകണം, സൺഡേ സ്കൂളിൽ പോകണം ഇതൊക്കെ അമ്മയ്ക്ക് വലിയ നിർബന്ധമായിരുന്നു. അമ്മയേക്കാളും ഇരുപത് വയസ് മുതിർന്ന സഹോദരി എലിസബത്ത് തോമസ് അമ്മയ്ക്ക് കൂട്ടായി വീട്ടിലുണ്ടായിരുന്നു. അമ്മച്ചി എന്നാണ് ഞങ്ങൾ വിളിക്കുന്നത്. മുഴുവൻ സമയവും അപ്പ വീട്ടിൽ ഇല്ലല്ലോ എന്ന് ഓർത്ത് വിഷമിക്കാതിരുന്നത് വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നടന്നതുകൊണ്ടാവാം.
വീട്ടിലെത്തുമ്പോൾ തന്നെ ഞങ്ങളോട് അതുവരെയുള്ള വിശേഷങ്ങളൊക്കെ അപ്പ തിരക്കും. ഒരിക്കൽ പോലും സ്നേഹവാത്സല്യങ്ങളൊന്നും പുറമേയ്ക്ക് കാണിക്കാറില്ല. എങ്കിലും കൂടെയുണ്ടാവുമ്പോൾ ഞങ്ങളുടെ ചെറിയ ചെറിയ കാര്യങ്ങളിലെല്ലാം ആ സ്നേഹം കരുതലായിട്ടുണ്ട്. കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ കുറേ ഓർമ്മചിത്രങ്ങൾ മനസിൽ തെളിയും. സ്കൂൾ പഠനകാലത്തൊന്നും ഒരിക്കൽ പോലും നന്നായി പഠിക്കണമെന്നോ, റാങ്ക് വാങ്ങണമെന്നോ, മാർക്ക് എത്രയാണോ എന്നൊന്നും അപ്പ തിരക്കിയിരുന്നില്ല. അതിലൊന്നും ഒരു രീതിയിലുള്ള സമ്മർദ്ദവും തന്നിട്ടില്ല. മാർക്ക് കുറഞ്ഞുപോയാൽ തന്നെ അപ്പ വീട്ടിൽ വരുന്നതും കാത്തിരിക്കുമായിരുന്നു, അമ്മയറിയാതെ അപ്പയിൽ നിന്നും ഒപ്പു വാങ്ങുന്നതിനായിരുന്നു അത്. അപ്പയാണെങ്കിൽ ഒന്നും പറയില്ല, വഴക്കും കേൾക്കില്ല, അന്നേരം തന്നെ ഒന്നു ചിരിച്ച് ഒപ്പിട്ടുതരും. അപ്പയും ഞങ്ങളും മാത്രം അറിയുന്ന ഒരു രഹസ്യമായിരുന്നു അത്. അമ്മയാണെങ്കിൽ നന്നായി വഴക്കു പറയും. അപ്പ വഴക്കുപറഞ്ഞതോ, അല്ലെങ്കിൽ ദേഷ്യപ്പെട്ടതോ ആയി ഒന്നും തന്നെ ഓർമ്മയിലില്ല. അപ്പ ഒരു കമ്പെടുക്കുകയോ അടിക്കുമെന്ന് പേടിപ്പിക്കുകയോ പോലും ചെയ്തിട്ടില്ല. എൺപതുശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയാൽ അടി കിട്ടുമെന്നായിരുന്നു അപ്പ ഞങ്ങളോട് എന്നും പറഞ്ഞിരുന്നത്. ഒരാൾക്ക് കിട്ടി, മറ്റൊരാൾക്ക് വിഷമമുണ്ടാകേണ്ട എന്നു കരുതിയാവണം അന്ന് അങ്ങനെ പറഞ്ഞത്.
എല്ലാ അപ്പൂപ്പൻമാരെയും പോലെ ഞങ്ങളേക്കാൾ കൊച്ചുമക്കൾക്കാണ് അപ്പയുടെ സ്നേഹം കുറേയധികം കിട്ടിയിട്ടുള്ളത്. അനുജത്തി അച്ചുവും കുടുംബവും ദുബായ്യിലാണ്, അവൾക്ക് മൂന്നു കുട്ടികളാണ്. ആൻജല, ക്രിസ്റ്റീൻ, നോഹ. അവരെല്ലാം നാട്ടിലേക്ക് വരുമ്പോൾ അപ്പയ്ക്ക് വലിയ സന്തോഷമുണ്ട്. എന്റെ മോൻ എഫിനോവയുമായും അപ്പ വലിയ കൂട്ടാണ്. കൂട്ടുകാരൻ എന്നു തന്നെ പറയാം. ചെറുപ്പം തൊട്ടേ അവൻ കൂടെയുള്ളതുകൊണ്ടു തന്നെ അവനോടും വലിയ അടുപ്പമാണ്. വീട്ടിൽ വന്നു കയറിയാലും മോനെയാണ് ആദ്യം അന്വേഷിക്കുന്നത്. അവനും അങ്ങനെ തന്നെയാണ്. ഉച്ചയ്ക്ക് ഒരുമണിക്ക് ഓൺലൈൻ ക്ളാസ് കഴിഞ്ഞ് വരുമ്പോൾ അവൻ അപ്പയെ അന്വേഷിച്ചാണ് ഓടി വരുന്നത്. അപ്പയെ കുറേ ദിവസം കണ്ടില്ലെങ്കിൽ അസ്വസ്ഥനാകും. ഇപ്പോൾ അവർ തമ്മിലുള്ള ബോണ്ടിംഗ് ഒന്നു കൂടെ കൂടി എന്നു പറയാം. അവനും ജീവിതത്തിൽ ആദ്യമായി കുറേ ദിവസം അപ്പയെ അടുത്തുകിട്ടിയത് ഈ ലോക്ക് ഡൗൺ കാലത്തായിരുന്നു. അപ്പ ഇങ്ങനെ കുറേ ദിവസം കൂടെയുണ്ടാകുമെന്ന് തന്നെ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
വീട്ടിലായിരുന്നപ്പോഴും തിരക്കിന് കുറവില്ലായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാൾ സെന്റർ ഒക്കെ തുടങ്ങിയതിനാൽ അതിന്റെ കാര്യങ്ങളൊക്കെ ചെയ്യാനുണ്ടായിരുന്നു. എങ്കിൽപ്പോലും വീട്ടിലുണ്ടല്ലോ എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. എല്ലാ മക്കളെയും എന്നതുപോലെ ഞങ്ങളും അങ്ങനെ കൊതിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം ഇപ്പോഴാണ് അപ്പ യാത്രകൾ ചെയ്തു തുടങ്ങിയത്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നതിനാൽ എനിക്കും ജോലി തിരക്കുണ്ടായിരുന്നു. കൊവിഡ് കാലത്ത് എല്ലാവരും വീട്ടിലുള്ളതുകൊണ്ട് ഒന്നിച്ചിരുന്നു ഏറെക്കാലത്തിനുശേഷം ഭക്ഷണം കഴിക്കാൻ പറ്റി, അതിൽ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. സാധാരണയായി സംഭവിക്കുന്ന കാര്യമല്ലായിരുന്നു എല്ലാവരും ഒന്നിച്ചുള്ള ഉച്ചയൂണൊക്കെ. വീണുകിട്ടിയ പുതിയ സന്തോഷങ്ങളായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ ഇതൊക്കെ. അപ്പ ജീവിതത്തിൽ ഒരു തരത്തിലുമുള്ള ശാഠ്യങ്ങളോ നിർബന്ധങ്ങളോ കാണിച്ചിട്ടില്ല. എല്ലാവർക്കുമറിയുന്നതു പോലെ വീട്ടിലും ശാന്തനാണ്. ഒരു ടെൻഷനും അപ്പയെ തൊടാറില്ല. എല്ലാവരോടും വളരെ സൗമ്യനാണ്. വീട്ടിലുള്ളപ്പോൾ ആണെങ്കിലും ഭക്ഷണകാര്യത്തിലോ, മറ്റെന്തെങ്കിലും കാര്യത്തിലോ ഇന്നത് വേണമെന്ന് പറയുന്നത് കണ്ടിട്ടില്ല. കപ്പയും മീനുമാണ് ഏറ്റവും ഇഷ്ടം. അത് പുതുപ്പള്ളിയിൽ നിന്നേയുള്ള ശീലമാണ്. രാത്രി കഞ്ഞിയാണ് പതിവ്. അപ്പയുടെ മാതാപിതാക്കളിൽ നിന്നായിരിക്കാം ഈ സൗമ്യശീലം കിട്ടിയത്. അവർ രണ്ടുപേരും ദേഷ്യപ്പെടാത്ത, ശാന്തശീലരായിരുന്നു. ചെറുപ്പം മുതലേ അപ്പ കണ്ടുശീലിച്ചതുകൊണ്ടുമാവാം. ഏതുപ്രശ്നത്തിലും അപ്പ അപ്പയായി തന്നെ തുടർന്നു. ആരോഗ്യകാര്യത്തിൽ ഒട്ടും ശ്രദ്ധ കാണിക്കാറില്ല. കോട്ടയത്തു പോകുമ്പോൾ ഇപ്പോഴും നാലുമണിക്ക് എഴുന്നേൽക്കും, അഞ്ചുമണിക്ക് പോകും. ഓടി നടപ്പ് അതേ പോലെയുണ്ട്. ഭക്ഷണം കൃത്യസമയത്തൊന്നും കഴിക്കില്ല. വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കും. ആ ഓട്ടത്തിൽ നിന്നും ആൾക്കൂട്ടത്തിനിടയിൽ നിന്നും മാറി നിൽക്കാൻ അപ്പയ്ക്ക് ഒരിക്കലും കഴിയില്ല. കാരണം അമ്പതുവർഷമായുള്ള ശീലമാണ്, അപ്പയുടെ ജീവിതം തന്നെയാണ് നാടും നാട്ടുകാരും. അവരില്ലെങ്കിൽ അപ്പ പൂർണമാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |