ഹൈദരാബാദ്: കിഴക്കൻ ലഡാക്കിൽ ചൈനീസ് പട്ടാളത്തിന്റെ എ.കെ 47 തോക്കുകളെപ്പോലും ചെറുക്കാൻ ഇന്ത്യൻ സേനയ്ക്ക് ഇനി സ്വന്തം കവചം! ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (ബി.എ.ആർ.സി) വികസിപ്പിച്ച ലോകനിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് 'ഭാഭാ കവച്' സുരക്ഷാ പരീക്ഷണങ്ങൾ പൂർത്തിയാക്കി നിർമ്മാണ സജ്ജമായി. ഹൈദരാബാദിലെ മിശ്രധാതു നിഗം ലിമിറ്റഡിനാണ് (മിധാനി) നിർമ്മാണ ചുമതല. അതിർത്തിയിലെ തുടർച്ചയായ ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തിൽ ആദ്യ ബാച്ച് ജാക്കറ്റുകൾ ലഡാക്കിലെ സൈനികർക്കാകും നൽകുക.
ലോകത്തെ ഏറ്റവും പ്രഹരശേഷിയുള്ള എ.കെ 47 റൈഫിളുകളാണ് യുദ്ധമുഖത്ത് ഏതു സൈനികർക്കും കടുത്ത വെല്ലുവിളി. എ.കെ 47 ന്റെ പരിഷ്കരിച്ച പതിപ്പായ എ.കെ 47- 203 റൈഫിളുകൾ ഇവിടെ നിർമ്മിക്കുന്നതിനുള്ള കരാർ ഈയിടെ റഷ്യയുമായി ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇത്തരം ആറു ലക്ഷം തോക്കുകൾക്ക് ചൈനയും ഓർഡർ നൽകിയ വാർത്തയ്‌ക്കു പിന്നാലെയാണ് അവയെക്കൂടി ചെറുക്കാൻ ശേഷിയുള്ള അത്യാധുനിക 'പോർച്ചട്ട'യുമായി ഇന്ത്യൻ മുന്നേറ്റം. വർഷത്തിൽ ഒരു ലക്ഷം ജാക്കറ്റുകൾ മിധാനിയുടെ ഹൈദരാബാദ് പ്ളാന്റിൽ നിർമിക്കാം. കവചിത വാഹനങ്ങൾ ഉൾപ്പെടെ ആധുനിക സുരക്ഷാ ഉപകരണങ്ങളും ഇവിടെ നിർമ്മിക്കും.
ഉള്ളറയിൽ ഉരുക്കല്ല
ബോറോൺ കാർബൈഡ്, കാർബൺ നാനോ ട്യൂബുകൾ, പോളിമർ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം. വെടിയുണ്ടകളിൽ നിന്ന് ഭാഭ കവച് സൈനികർക്ക് പൂർണ സുരക്ഷ നൽകുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. 2015 ലാണ് ഭാഭ സെന്റർ ജാക്കറ്റ് വികസിപ്പിക്കാനുള്ള ഗവേഷണം തുടങ്ങിയത്. 2018 മുതൽ ഇതുവരെ മുപ്പതു ട്രയലുകൾ.
ഭാഭാ കവച്
ഭാരം കുറവ്, കൂടുതൽ ശക്തി, പൂർണ സുരക്ഷ
വില 70,000 രൂപ. മറ്റു ജാക്കറ്റുകൾക്ക് 1.5 ലക്ഷം
പലയിനം വെടിയുണ്ടകൾ ചെറുക്കാൻ മൂന്ന് വേരിയന്റുകൾ
ഭാരം 3.5 കിലോ മുതൽ 6.8 കിലോ വരെ
മറ്റു ജാക്കറ്റുകളുടെ ഭാരം 10 കിലോ
കവചിത വാഹനം
ടയർ പഞ്ചറായാലും റൺ ഫ്ളാറ്റ് ടയർ സാങ്കേതികത ഉപയോഗിച്ച് 100 കിലോമീറ്റർ ഓടും
ഇസുസു കമ്പനിയുടെ ആദ്യ യുദ്ധവാഹനം
ആയുധങ്ങളുമായി ഏഴു പേർക്ക് സഞ്ചരിക്കാം
ഭീകരവിരുദ്ധ ഓപ്പറേഷനും യോജ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |