തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ ദക്ഷിണ റെയിൽവേ പദ്ധതി തയ്യാറാക്കി. ചെന്നൈ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്,ബംഗളുരു- കൊച്ചുവേളി എക്സ്‌പ്രസ്,മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്,കണ്ണൂർ- ആലപ്പുഴ എക്സ്‌പ്രസ് ട്രെയിനുകൾ സർവീസ് നടത്താമെന്നാണ് ധാരണ ആയിട്ടുള്ളത്. തിരുവനന്തപുരം,പാലക്കാട് ഡിവിഷൻ ഓഫീസുകളുടെ സഹായത്തോടെ റെയിൽവേ ട്രാഫിക് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സർവീസ് നടത്താനുദ്ദേശിക്കുന്ന ട്രെയിനുകളുടെ റൂട്ടും സമയവും സംസ്ഥാന സർക്കാരിനെ റെയിൽവേ അറിയിക്കും. സംസ്ഥാനം അനുവദിച്ചാൽ സർവീസുകൾ ആരംഭിക്കും.
വരുമാനനഷ്ടം കാരണം കണ്ണൂർ- തിരുവനന്തപുരം,കോഴിക്കോട്- തിരുവനന്തപുരം, ജനശതാബ്ദി,തിരുവനന്തപുരം- എറണാകുളം വേണാട് എക്സ്‌പ്രസ് എന്നിവ റദ്ദാക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ച് മൂന്നു ട്രെയിനുകളും പതിവുപോലെ സർവീസ് നടത്തുകയാണിപ്പോൾ. കൊങ്കൺ പാതയിലെ തടസങ്ങളെ തുടർന്ന് നിർത്തിയ നേത്രാവതി,രാജധാനി എക്സ്‌പ്രസുകൾ 15 മുതൽ ഓടിതുടങ്ങും.
കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചാകും തുടർന്നും ട്രെയിൻ സർവീസുകൾ നടത്തുക. റിസർവ് ചെയ്ത യാത്രയേ അനുവദിക്കു. ഏത് വിലാസത്തിൽ നിന്നും വന്നു ഏത് വിലാസത്തിൽ പോകുന്നു എന്ന വിവരം നൽകിയാൽ മാത്രമെ റിസർവ് സാദ്ധ്യമാകൂ. യാത്രക്കാരുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൊടുക്കുന്നുണ്ടെന്നും റെയിൽവെ അധികൃതർ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ തോത് ചെറിയതോതിൽ കുറഞ്ഞ ശേഷം മാത്രമാണ് തമിഴ്നാട് സർക്കാർ ട്രെയിൻ സർവീസിന് അനുമതി നൽകിയത്. ഇപ്പോൾ അവിടെ 13 ട്രെയിനുകളാണ് ഓടുന്നത്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം മുംബൈയിലും ചെന്നൈയിലും സർക്കാർ ജീവനക്കാർക്കായി സബർബൻ ട്രെയിനുകൾ നാമമാത്രമായി സർവീസ് നടത്തുന്നു. അവിടേയും ഓപ്പൺ ടിക്കറ്റ് നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |