വാഷിംഗ്ടൺ: ലോകരാജ്യങ്ങളെ മരണ മുനമ്പിൽ നിറുത്തുന്ന കൊവിഡ് മഹാമാരി 2021 അവസാനം വരെ നിലനിൽക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ പകർച്ചവ്യാധി വിദഗ്ദ്ധൻ ആന്തണി ഫൗസി. കൊവിഡ് വ്യാപനത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിലയിരുത്തലുകളോട് പ്രതികരിക്കവെയാണ് ഫൗസിയുടെ മുന്നറിയിപ്പ്.
'കണക്കുകൾ അസ്വസ്ഥമാക്കുകയാണ്' ഫൗസി എം.എസ്.എൻ.ബി.സിയോട് പറഞ്ഞു. 'കൊവിഡിന് മുമ്പുള്ള സാധാരണ നിലയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ, അത് 2021 ൽ ആകും, ഒരുപക്ഷേ 2021 അവസാനത്തോടെ പോലും.' -ഫൗസി പറഞ്ഞു. അതേസമയം തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിതെന്നാണ് ഐക്യരാഷ്ട്രസഭ കൊവിഡ് മഹാമാരിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 6,676,601 കൊവിഡ് ബാധിതരാണ് രാജ്യത്തുള്ളത്. 198,128 പേർ മരിച്ചു. 3,950,354 പേർക്ക് രോഗമുക്തി ലഭിച്ചു. നിലവിൽ 2,528,119 ആക്ടീവ് കേസുകളുണ്ട്. ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളും കൊവിഡിന്റെ പിടിയിൽ അമരുകയാണ്. ഇന്ത്യയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.
ലോകത്താകെ രോഗികൾ - 2,89,60,976
മരണം - 9,24,878
രോഗവിമുക്തർ - 2,08,40,856
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |