
ബാങ്കോക്ക്: മൂന്ന് ആഴ്ചയോളം നീണ്ട ഏറ്റുമുട്ടലുകൾക്കൊടുവിൽ അതിർത്തിയിൽ വെടിനിറുത്തൽ അടിയന്തരമായി നടപ്പാക്കാൻ ധാരണയായി തായ്‌ലൻഡും കംബോഡിയയും. ഇതു സംബന്ധിച്ച കരാറിൽ ഇരുരാജ്യങ്ങളിലെയും പ്രതിരോധമന്ത്രിമാർ ഒപ്പിട്ടു. തായ് പ്രവിശ്യയായ ചാന്ദബുരിയിൽ വച്ചായിരുന്നു ചർച്ച. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 12ന് വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നു.
കരാർ പ്രകാരം ആദ്യ 72 മണിക്കൂർ നിരീക്ഷണ കാലയളവാണ്. തുടർന്ന് 18 കംബോഡിയൻ യുദ്ധത്തടവുകാരെ തായ്ലൻഡ് വിട്ടയയ്ക്കും. മലേഷ്യയുടെ നേതൃത്വത്തിലെ ആസിയാൻ കൂട്ടായ്മയാണ് ചർച്ചയ്ക്ക് മദ്ധ്യസ്ഥത വഹിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിറുത്തലിനായി നയതന്ത്ര പ്രോത്സാഹനവും സമ്മർദ്ദവും ചെലുത്തിയെന്ന് കംബോഡിയ പ്രതികരിച്ചു.
ഒക്ടോബറിൽ ട്രംപിന്റെ മദ്ധ്യസ്ഥതയിൽ ഇരുരാജ്യങ്ങൾക്കുമിടെയിൽ സമാധാന കരാർ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഈ മാസം 8ന് കരാർ ലംഘിച്ച് 817 കിലോമീറ്റർ നീളുന്ന അതിർത്തിയുടെ വിവിധ ഭാഗങ്ങളിൽ ഇരുരാജ്യങ്ങളും ഏറ്റുമുട്ടൽ തുടങ്ങി. അതിർത്തി പ്രദേശങ്ങളിൽ റോക്കറ്റ്, ഷെല്ലാക്രമണങ്ങളും വെടിവയ്പുകളുമുണ്ടായി. ഇരുരാജ്യങ്ങളിലുമായി 101 പേർ കൊല്ലപ്പെട്ടു. 5 ലക്ഷത്തിലേറെ പേരെ ഷെൽട്ടറുകളിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |