ശാസ്‌താംകോട്ട: കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ വാഹനം വഴിയിൽ തടഞ്ഞിട്ട യൂത്ത് കൺഗ്രസ് പ്രവർത്തകർ സ്വന്തം ഉടമുണ്ടുകൾ അഴിച്ച് കാട്ടി അപമാനിച്ചു. ഇന്നലെ അദ്ദേഹത്തിന്റെ മണ്ഡലമായ കുന്നത്തൂരിലെ വടക്കൻ മൈനാഗപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കെട്ടിട ശിലാസ്ഥാപനം നടത്തി മടങ്ങി പോകവേയാണ് പ്രതിഷേധമെന്ന പേരിൽ യൂത്ത് കോൺഗ്രസ് എം.എൽ.എയെ അപമാനിച്ചത്. നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കിടെ കോൺഗ്രസ് പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ചെന്നാരോപിച്ച് എം.എൽ.എയ്ക്കെതിരെ നിരന്തര പ്രതിഷേധത്തിലാണ് കുന്നത്തൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പലപ്പോഴും അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിറുത്തി കരിങ്കൊടി വീശിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മൈനാഗപ്പള്ളിയിലും യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തിയത്. വാഹനം തടഞ്ഞശേഷം പ്രവർത്തകരിൽ ചിലർ ഉടുമുണ്ടഴിച്ച് ഉയർത്തിക്കാട്ടുമ്പോൾ പിൻതിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചില്ല. വാഹനം മുന്നോട്ട് പോകാൻ അനുവദിക്കാതെ പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുകയും ചെയ്തു. ഇവർ സ്വയം പിൻമാറിയപ്പോഴാണ് എം.എൽ.എയ്ക്ക് പോകാനായത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാദിർഷാ കാരൂർക്കടവ്, എം.എ. സമീർ, ഷബിൻഷാ, നാദിർഷാ നസീർ, ഷാഹിർ പാലത്തറ, ഷൗക്കത്ത് എന്നിവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. എം.എൽ.എയ്ക്കെതിരെ പ്രതിഷേധം തുടരുമെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |