കൊച്ചി: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ യാത്രാ വാഹന വില്പന വളർച്ച ഇരട്ടയക്കത്തിലേക്ക് കുതിച്ചിരിക്കുകയാണ്. 14.16 ശതമാനമാണ് ആഗസ്‌റ്റിലെ നേട്ടം. കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച ഉത്‌പാദന-വിതരണ തടസവും സമ്പദ്‌ഞെരുക്കവും മറികടന്ന്, വാഹന നിർമ്മാതാക്കൾ കഴിഞ്ഞമാസം 2.15 ലക്ഷം പാസഞ്ചർ വാഹനങ്ങൾ പുതുതായി ഡീലർഷിപ്പുകളിലെത്തിച്ചു.
ടൂവീലർ ഉൾപ്പെടെ മറ്റ് വിഭാഗങ്ങളിലും മുൻമാസങ്ങളേക്കാൾ ഉണർവ് ദൃശ്യമാണ്. ഒട്ടുമിക്ക വിഭാഗങ്ങളിലും മുന്നിട്ടുനിൽക്കുന്നത് ഇന്ത്യൻ ബ്രാൻഡുകളാണെന്നതാണ് ഏറെ ശ്രദ്ധേയം. ടൂവീലറുകളിൽ ഹീറോ, കാറുകളിൽ മാരുതി സുസുക്കി, ത്രീവീലറിൽ ബജാജ്, വാണിജ്യ വാഹനങ്ങളിൽ മഹീന്ദ്ര, ട്രാക്‌ടറിലും മഹീന്ദ്ര! ഭൂരിഭാഗം വിഭാഗങ്ങളിലും രണ്ടും മൂന്നും സ്ഥാനങ്ങളിലും ഇന്ത്യൻ കമ്പനികൾ തന്നെ.
ഹീറോയാണ്
ഹീറോ!
ആഗസ്‌റ്റിൽ 8.98 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇതിൽ 3.28 ലക്ഷവും വിറ്റത് ഹീറോ മോട്ടോകോർപ്പ്. ഹീറോയുടെ വിപണി വിഹിതം 36.50 ശതമാനം. രണ്ടാംസ്ഥാനത്തുള്ള ഹോണ്ടയുടെ വിഹിതം 24.87 ശതമാനം. ടി.വി.എസ് (15.57 ശതമാനം), ബജാജ് (11.13 ശതമാനം) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ഇവയും ഒരുലക്ഷത്തിലേറെ യൂണിറ്റുകളുടെ വില്പന നേടി.
ബജാജിന്റെ
വിജയം
ത്രീവീലറുകളിലെ രാജാവാരെന്ന ചോദ്യത്തിന് ഇന്നും ഉത്തരം ബജാജ് എന്നുതന്നെ. ആഗസ്റ്റിൽ ആകെ വിറ്റഴിഞ്ഞ 16,857 മുച്ചക്ര വാഹനങ്ങളിൽ 6,394 എണ്ണവും ബജാജിന്റെ സ്വന്തം; വിപണി വിഹിതം 37.93 ശതമാനം. പിയാജിയോ (21.88 ശതമാനം), അതുൽ ഓട്ടോ (3.71 ശതമാനം) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മഹീന്ദ്രയുടെ
മായാജാലം
വാണിജ്യ വാഹനങ്ങളിൽ മഹീന്ദ്രയുടെ മായാജാലം കാണാം. 2019 ആഗസ്‌റ്റിൽ 23.58 ശതമാനമായിരുന്ന വിപണിവിഹിതം കഴിഞ്ഞമാസം 40.68 ശതമാനത്തിലേക്ക് മഹീന്ദ്ര ഉയർത്തി. ആകെ വിറ്റഴിഞ്ഞ 26,536 വാണിജ്യ വാഹനങ്ങളിൽ 10,795 എണ്ണവും മഹീന്ദ്രയാണ്. ടാറ്റ (26.81 ശതമാനം), അശോക് ലെയ്‌ലാൻഡ് (10.68 ശതമാനം), മാരുതി സുസുക്കി (6.69 ശതമാനം) എന്നിവയാണ് രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങളിൽ യഥാക്രമം.
ട്രാക്‌ടറിലും
മഹീന്ദ്ര
ദേശീയതലത്തിൽ കഴിഞ്ഞമാസം റീട്ടെയിൽ വിപണിയിൽ വളർച്ച നേടിയ ഏക വിഭാഗമാണ് ട്രാക്‌ടറുകൾ. 67,406 ട്രാക്‌ടറുകൾ കഴിഞ്ഞമാസം പുതുതായി നിലങ്ങളിലെത്തി. 16,328 യൂണിറ്റ് വില്പനയും 24.22 ശതമാനം വിഹിതവുമായി മഹീന്ദ്രയാണ് ഒന്നാമത്. 15.63 ശതമാനം വിഹിതവുമായി മഹീന്ദ്രയുടെ 'സ്വരാജ്" ബ്രാൻഡ് രണ്ടാമതുമെത്തി.
മാരുതിയുടെ
തേരോട്ടം
കാറുകളിൽ കൊവിഡ് കാലത്തും മാരുതിയുടെ തേരോട്ടത്തെ മറികടക്കാൻ ആർക്കും കഴിഞ്ഞില്ല. 1.78 ലക്ഷം കാറുകൾ കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തി; ഇതിൽ 88,801 എണ്ണവും മാരുതിയാണ്; വിപണി വിഹിതം 49.74 ശതമാനം. 19.44 ശതമാനം വിഹിതവുമായി ഹ്യുണ്ടായി രണ്ടാംസ്ഥാനം നിലനിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |