തിരുവനന്തപുരം: ഡിഗ്രിക്കു പഠിക്കുന്ന മകനെ എസ്.ഐയായിക്കാനായിരുന്നു പൊലീസുകാരനായ അച്ഛന്റെ മോഹം. പക്ഷേ, അവനൊരു അടിപിടിക്കേസിൽപ്പെട്ടു. പകരം വീട്ടാൻ എതിരാളികളും, കൊല്ലപ്പെടാതിരിക്കാൻ അവനും പയറ്റിനിന്നു. അച്ഛന്റെ മോഹങ്ങൾ അസ്തമിച്ചു. ഇത് 'കീരീടം' സിനിമയിലെ പൊലീസുകാരൻ അച്യുതൻ നായരുടെ മകൻ സേതുമാധവന്റെ കഥയല്ല. പൊലീസുകാരൻ പ്രഭാകരന്റെ മകൻ സാബു പ്രൗദിന്റെ കഥ.
തെളിച്ച് പറഞ്ഞാൽ, പഴയ ഗുണ്ടുകാട് സാബുവിന്റെ കഥ.
അടിപിടിയും കൊലപാതക ശ്രമവും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായതൊക്കെ ഭൂതകാലം. ജയിലിൽ നിന്നിറങ്ങിയ സാബു ചുവടുവച്ചത് സിനിമയിലേക്ക്. ഇപ്പോൾ അഭിനേതാവ് മാത്രമല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സഹസംവിധായകനുമാണ്. രാജ്യാന്തര അംഗീകാരം നേടുന്ന 'കാന്തി'എന്ന സിനിമയിലെ നടനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
"ഡിഗ്രി പഠനം കഴിഞ്ഞ് എസ്.ഐ പരീക്ഷ ഉൾപ്പെടെ എഴുതിയിരുന്നു. ചേട്ടൻ ഷാജിയുടെ (ഗുണ്ടുകാട് ഷാജി) കൊലപാതകമാണ് ജീവിതം മാറ്റിമറിച്ചത്. ചേട്ടനെ ഇല്ലാതാക്കിയവർ എനിക്കുനേരെ തിരിഞ്ഞപ്പോൾ ബംഗളൂരുവിലോ എറണാകുളത്തോ ബന്ധുക്കളുടെ വീട്ടിൽപ്പോയി നിൽക്കാൻ അച്ഛൻ പറഞ്ഞതാണ്. ഞാൻ അനുസരിച്ചില്ല. ഒന്നിനു പുറകെ ഒന്നായി കേസുകൾ. ഇപ്പോൾ കേസൊന്നുമില്ല. എങ്കിലും, ഏതെങ്കിലും കേസിൽ പൊലീസ് പിടികൂടുന്നവർ എന്നെ അടുത്തകാലത്ത് ഫോൺ വിളിച്ചിട്ടുണ്ടെങ്കിൽപ്പോലും സ്റ്റേഷനിൽ പോകേണ്ടി വരുന്നു.
അടിപിടിയൊക്കെ നിറുത്തി അച്ഛന്റെ ഇഷ്ടമനുസരിച്ച് വിവാഹം കഴിച്ച് മാന്യമായി ജീവിച്ചുതുടങ്ങിയപ്പോഴാണ് ചേട്ടൻ കൊല്ലപ്പെടുന്നത്. ഞാൻ കേസിൽ പ്രതിയായപ്പോൾ വീട്ടിൽനിന്ന് പുറത്താക്കി. കൊച്ചച്ചനും അപ്പച്ചിയും പൊലീസുകാരായിരുന്നു. കാക്കിയിട്ട് കിട്ടുന്ന കാശ് കൊണ്ടാണോ ഇവന് തിന്നാൻ നൽകുന്നതെന്ന് എന്റെ മുന്നിൽ വച്ച് അവർ അച്ഛനോട് ചോദിക്കുമ്പോൾ മനസ് നീറുമായിരുന്നു"- സാബു മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ പുതുക്കി.
സഹപാഠി അഖിലേഷ് സംവിധാനം ചെയ്ത സമദൂരം സീരിയലിൽ മുഴുനീള കഥാപാത്രമായി അഭിനയത്തുടക്കം. തുടർന്ന്, നിരവധി സീരിയലുകളിലും സിനിമകളിലും. പക്ഷേ, പഴയ ക്രിമിനൽ ലേബൽ വിലങ്ങായി. അഭിനയിച്ച് തുടങ്ങിയ പരമ്പരകളിൽ നിന്നുപോലും ഒഴിവാക്കി. അതോടെ, കാമറയ്ക്ക് പിന്നിലേക്ക്. അശോക് ആർ. നാഥിന്റെ സഹസംവിധായകനായി. ഇനി സംവിധായകനാവണം..പുതിയ സിനിമയുടെ ചർച്ചയിലാണിപ്പോൾ. തലസ്ഥാനത്ത് കുന്നുകുഴിയിൽ താമസം. അദ്ധ്യാപികയായ സുഗന്ധി ഭാര്യ. മകൾ പ്ലസ് ടു വിദ്യാർത്ഥിനി അഭിരാമി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |