തിരുവനന്തപുരം: ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ വന്നത് ജംബോയിലും വലിയ പട്ടിക.തിരഞ്ഞെടുപ്പുകൾ പടിവാതിലിലെത്തി നിൽക്കെ, കെ.പി.സി.സി പുന:സംഘടന ഇനിയും അമാന്തിക്കുന്നത് അപകടമാവുമെന്ന് കേന്ദ്ര നേതൃത്വം വൈകിയെങ്കിലും തിരിച്ചറിഞ്ഞു.
ഹൈക്കമാൻഡിൽ നിന്ന് നിർദ്ദേശം വന്നതോടെ, മുല്ലപ്പള്ളി രാമചന്ദ്രനും, രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചിരുന്ന് അന്തിമ രൂപം നൽകിയ പട്ടിക വെള്ളിയാഴ്ച രാത്രിയോടെ ഡൽഹിക്ക്. ജംബോ പട്ടികയിൽ നേരത്തേ അതൃപ്തി പറഞ്ഞിരുന്ന അതേ ഹൈക്കമാൻഡ് അംഗീകരിച്ച, അതി ജംബോ പട്ടിക ഇന്നലെ തിരിച്ചിങ്ങോട്ട്.96 സെക്രട്ടറിമാരും 175 അംഗ എക്സിക്യൂട്ടീവും. രാഷ്ട്രീയകാര്യസമിതി അംഗങ്ങളും എം.പിമാരും ഡി.സി.സി, പോഷകസംഘടനാ ഭാരവാഹികളും ചേരുമ്പോൾ എക്സിക്യൂട്ടീവിലെ സംഖ്യ ഇതിലുമുയരും. കാര്യക്ഷമതയും ഒതുക്കവുമുള്ള ഭാരവാഹി പട്ടിക ആഗ്രഹിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഒഴുക്കിനൊപ്പം നീങ്ങേണ്ടി വന്നു. 175 അംഗ എക്സിക്യൂട്ടീവിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ ഉൾപ്പെടാതെ പോയത് വിവാദവുമായി. എം.പി, രാഷ്ട്രീയ കാര്യസമിതിയംഗം എന്നീ നിലകളിൽ അദ്ദേഹം എക്സിക്യൂട്ടീവിന്റെ ഭാഗമാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
. 96 സെക്രട്ടറിമാരിൽ 11 വനിതകൾ. ഇവരിൽ 9 പേരും കെ.പി.സി.സി അദ്ധ്യക്ഷന്റെ നോമിനികൾ. ഏറെക്കുറെ എല്ലാ മത, ജാതി വിഭാഗങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും പ്രാതിനിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. കന്നഡിഗെയെയും (സുബ്ബയ്യറേ) ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെയും (ചാൾസ് ഡയസ്) വരെ ഉൾപ്പെടുത്തി.87 അംഗ സെക്രട്ടറി
പട്ടികയാണ് ആദ്യം കൈമാറിയത്. ഹൈക്കമാൻഡ് അതൃപ്തി അറിയിച്ച് അത് മടക്കി. പരാതികളെല്ലാം ഒരു വിധം പരിഹരിക്കാനായെന്ന് നേതൃത്വം പറയുന്നു.യൂത്ത് കോൺഗ്രസിന്റെ കഴിഞ്ഞ മൂന്ന് ഭരണസമിതികളിലുണ്ടായിരുന്നവരെ പരമാവധി ഉൾക്കൊള്ളിച്ചു.
മുതിർന്ന നേതാവ് കെ.വി. തോമസിനെ സീനിയർ വൈസ് പ്രസിഡന്റാക്കാൻ കെ.പി.സി.സി നേതൃത്വം ആലോചിച്ചെങ്കിലും അദ്ദേഹം വിമുഖത കാട്ടി. സീനിയർ വർക്കിംഗ് പ്രസിഡന്റെന്ന പരിഗണന നൽകണമെന്ന ആവശ്യവുമുയരുന്നുണ്ട്. സംഘടനയെ ചലിപ്പിക്കാൻ പ്രാപ്തിയുള്ളവരാണ് ഭാരവാഹി പട്ടികയിലുള്ളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |